ⓘ WEBSITE UNDER TESTING

NewsAd1
ബോചെയുടെ 'ബ്രാൻഡ'ൻ സ്വപ്‌നങ്ങൾ
അനിൽ ബാലകൃഷ്ണൻ
17 June 2024, 3:07 am
main image of news

ബോബി ചെമ്മണ്ണൂർ എന്ന ബോചെയെ അറിയാത്ത മലയാളികളില്ല.ഉടുപ്പിലും നടപ്പിലുമുള്ള പ്രത്യേകതകൾ മാത്രമല്ല സ്വന്തം ബിസിനസ്സിന്റെ പ്രചാരണത്തിനും വിപുലീകരണത്തിനും സ്വീകരിക്കുന്ന നവീന ആശയങ്ങളുമാണ് ബോചെയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

പതിവ് ബിസിനസ്സുകാരുടെ രീതിയല്ല ബോ ചെയുടേത്. നൃത്തം,അഭിനയം, യാത്ര, സാമൂഹ്യ -ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരസ്യ പ്രതികരണങ്ങൾ അങ്ങിനെയങ്ങിനെ ജീവിതത്തിലെ ഓരോ നിമിഷവും അർത്ഥപൂർണ്ണവും ചലനാത്മകവുമാക്കാൻ നിരവധി വിദ്യകളുണ്ട് ബോചെയുടെ കൈയ്യിൽ.സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട അബ്ദുൾ റഹീമിനെ രക്ഷിക്കാൻ ബ്ലഡ് മണിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുക മാത്രമല്ല ബാക്കി തുക കണ്ടെത്താൻ ഭിക്ഷാപാത്രവുമായി 'യാചനായാത്ര'നടത്തുകയും ചെയ്താണ് സമീപകാലത്ത് ബോചെ താരമായത്.

 image 2 of news

ഒരു വ്യക്തി സ്വയം ഒരു ബ്രാൻഡാവുന്നത് എങ്ങിനെയെന്നറിയാൻ ബാചെയെ പഠിച്ചാൽ മതി. മറഡോണ ഉൾപ്പെടെയുള്ള രാജ്യാന്തര സെലിബ്രിറ്റികളെ പല ഘട്ടങ്ങളിൽ തന്റെ ബിസിനസ്സിന്റെ ബ്രാൻഡ് അംബാസഡർമാരാക്കിയിട്ടുണ്ടെങ്കിലും ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പ്രധാന ബ്രാൻഡ് അംബാസഡർ ബോബിചെമ്മണ്ണൂർ എന്ന ബോചെ തന്നെയാണ്.

ഏത് ബിസിനസ്സിന്റെയും അനിവാര്യ ഘടകങ്ങളിലൊന്നാണ് ബ്രാൻഡ് ബിൽഡിംഗ്. ഉല്പന്നത്തെ ഉപഭോക്താക്കൾക്കു മുന്നിൽ ആകർഷകമാം വിധം അവതരിപ്പിക്കുന്നതിനും അവ അവർക്ക് സ്വീകാര്യമാക്കുന്നതിനും ബ്രാൻഡ് നിർമ്മിതിക്ക് പങ്കുണ്ട്.
ബ്രാൻഡ് ബിൽഡിംഗ് പോലെ തന്നെ പ്രധാനമാണ് മാർക്കറ്റിംഗും. ശരിയായ രീതിയിലുള്ള മാർക്കറ്റിംഗ് ഉൽപ്പന്നത്തെ
ഏത് മുക്കിലും മൂലയിലും എത്തിക്കുന്നു.
വൈവിധ്യമാർന്ന സ്വന്തം ബിസിനസിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ബ്രാൻഡിംഗ് ഫലപ്രദമായി വിനിയോഗിക്കുന്ന ബിസിനസുകാരനുമാണ് ബോചെ.സ്വർണ്ണ വിപണിയിൽ വർഷങ്ങളുടെ അനുഭവപാരമ്പര്യമുള്ള ചെമ്മണ്ണൂർ ജ്വല്ലറിയുടെ സാരഥിയും സർവസ്വവുമാണ് ബോബി ചെമ്മണ്ണൂർ.
HomeAd1
 image 3 of news

കഴുത്തില്ലാത്ത വെളുത്ത പരുക്കൻ ഉടുപ്പും കാലറ്റം നീളുന്ന ഒറ്റമുണ്ടും അതിസാധാരണമായ ചെരിപ്പും ധരിച്ച് ചെമ്മണ്ണൂർ ഇന്റർനാഷണലിന്റെ ചെയർമാൻ കൂടിയായ ഈ ശതകോടീശ്വരൻ കേളത്തിൽ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. കേരളത്തിലുടനീളം 812 കിലോമീറ്റർ ദൂരം ബോബി ചെമ്മണ്ണൂർ ഓടിയത് രക്തദാനത്തെക്കുറിച്ച് ബഹുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയുമായിരുന്നു. തീർച്ചയായും ബോചെ എന്ന ബ്രാൻഡിനെ ജനകീയമാക്കാനും ഈ മാരത്തോൺ ഓട്ടത്തിലൂടെ കഴിഞ്ഞു.

സ്വർണ്ണാഭരണ വ്യാപാരം തന്നെയാണ് ബോബിയുടെ മുഖ്യ ബിസിനസ്സ്. 1863 ൽ ത്രിശ്ശൂർ വാരാന്തിറപ്പള്ളിയിൽ മുൻ തലമുറയിൽപ്പെട്ട ദേവസ്സിക്കുട്ടി ചെമ്മണ്ണൂർ ചെറിയ തോതിൽ തുടങ്ങിയ ജ്വല്ലറിയാണ്.
ഇപ്പോൾ നേതൃത്വസ്ഥാനത്തേക്ക് ബോബി എത്തിയ ശേഷം രാജ്യത്തും വിദേശത്തുമായി 222 ബ്രാഞ്ചുകളാണ് ചെമ്മണ്ണൂർ ജ്വല്ലറിക്കുള്ളത്.

 image 4 of news

സമീപകാലത്ത് ബോബി തുടങ്ങിയ ബോചെ ടീ എന്ന പുതിയ ഉൽപ്പന്നം വില്പനയ്ക്കൊപ്പം വിവാദത്തിനും കാരണമായിരിക്കുകയാണ്. 40 രൂപ നൽകി തേയിലപ്പൊടി വാങ്ങുന്നവർക്കായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയാണ് വിവാദമായത്. ദിവസേന 13704 പേർക്ക് സമ്മാനം നൽകുന്ന പദ്ധതിയാണ് തേയിലയുടെ പ്രൊമോഷനെന്ന പേരിൽ ബോ ചെ ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 20 ലക്ഷം രൂപയാണ്. 25000. 10000 , 5000 . 1000 . 500, 100 എന്നിങ്ങനെയാണ് സമ്മാന ഘടന. ഇതിനു പുറമേ 25 കോടി രൂപയുടെ ബമ്പർ സമ്മാനവുമുണ്ട്.

ബോചെ സമ്മാന പദ്ധതി തുടങ്ങിയത് സംസ്ഥാന ഭാഗ്യക്കുറിയെ പ്രതിസന്ധിയിലാക്കിയെന്നത് വാസ്തവം.സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഭാഗ്യക്കുറിയുടെ വില്പനയിൽ വലിയ തോതിലുള്ള ഇടിവാണ് ഇക്കാലയളവിലുണ്ടായത്. ബോചെയുടെ തേയിലലോട്ടറിക്കെതിരെ ഭാഗ്യക്കുറി വകുപ്പ് നിയമനടപടികളിലേക്ക് കടന്നിട്ടുമുണ്ട്.
എന്നാൽ താൻ ലോട്ടറി നടത്തുന്നില്ലെന്നും തേയിലയുടെ പ്രചാരണത്തിന് സമ്മാന പദ്ധതി ആവിഷ്കരിക്കുകയാണ് ചെയ്തതെന്നും ബോചെ പറയുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ
'തെറ്റിദ്ധാരണ 'നിയമപരമായിത്തന്നെ തിരുത്തുമെന്നും ബോചെ വ്യക്തമാക്കുന്നു.

ഭാഗ്യക്കുറി വകുപ്പ് ഏജൻസികൾ നൽകും പോലെ ബോചെ ടീയും വ്യാപകമായി ഏജൻസികൾ നൽകുന്നുണ്ട്. ഭാഗ്യക്കുറി ടിക്കെറ്റ് എടുക്കുന്നവർക്ക് സമ്മാനമടിച്ചില്ലെങ്കിൽ കാശ് പോക്കാണ്. പക്ഷേ ബോചെ ടീക്ക് ചെലവാക്കുന്ന തുകയ്ക്ക് കിട്ടുന്ന തേയിലയ്ക്ക് പുറമെയാണ് സമ്മാനങ്ങൾ. ഭാഗ്യാന്വേഷിക്കൽ ലോട്ടറിയെ വിട്ട് ബോചെ ടീയിലേക്ക് നീങ്ങാൻ ഇത് കാരണമാവുന്നു.

അതത് കാലത്തെ സർക്കാരുകളെ ഒപ്പം നിറുത്തിയാണ് ബോബി ചെമ്മണ്ണൂർ ബിസിനസ്സ് നടത്തുന്നത്. നിലവിൽ മുഖ്യ മന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രിയെന്ന നിലയിൽ മുഹമ്മദ്‌ റിയാസും ബോചെയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്.
വയനാട്ടിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ പൗര പ്രമുഖർക്കൊപ്പമായിരുന്നു ബോബിയുടെ സ്ഥാനം. ജില്ലയിൽ താൻ ആരംഭിക്കാൻ പോകുന്ന ടൂറിസം പദ്ധതിക്ക് ഏകജാലക ക്ലിയറൻസ് വേണമെന്നതായിരുന്നു ബോചെയുടെ ആവശ്യം. പകരം വയനാട്ടിൽ വിമാനത്താവളം തുടങ്ങുന്നതിന് സ്ഥലം സൗജന്യമായി നൽകുമെന്ന ബോചെയുടെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
പുതുമയുള്ള സ്വപ്നങ്ങളാണ് എല്ലായ്പോഴും ബോചെയെ നയിക്കുന്നത്.
ഒപ്പം സഹജീവികൾക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യണമെന്ന ആത്മാർത്ഥമായ ആഗ്രഹവും...

Keywords:

home ad2 16*9

Recent in Business

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞