മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
48 days ago
" എൻ്റെ ഈ ജീവിതം ഒരു ഹിറ്റാണ്... ഇന്ത്യൻ സിനിമയുടെ ചരിത്രമെഴുതുമ്പോൾ തീർച്ചയായും അതിൽ ഞാൻ പരാമർശിക്കപ്പെടും."മിഥുൻ ചക്രവർത്തി
ഒരു മാധ്യമത്തോട് മുൻപ് പറഞ്ഞിരുന്നു .
പ്രശസ്ത നടനായ മിഥുൻ, മൂന്ന് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട് . 2000 ത്തിൻ്റെ അവസാനത്തിൽ ടെലിവിഷനിലേക്ക് കടക്കുന്നതിന് മുമ്പ് ബോളിവുഡിനും ബംഗാളി സിനിമയ്ക്കും ഇടയിൽ തൻ്റെ കരിയറിനെ സമർത്ഥമായി സന്തുലിതമാക്കിയ നടനാണ് മിഥുൻ ചക്രവർത്തി. ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ വിധി കർത്താവായിരുന്നു അദ്ദേഹം. പ്രൈം വീഡിയോയിൽ ലഭ്യമായ ബെസ്റ്റ് സെല്ലർ എന്ന സൈക്കോളജിക്കൽ ത്രില്ലർ സീരീസിലൂടെ മിഥുൻ ചക്രവർത്തി ഡിജിറ്റൽ സ്ട്രീമിംഗ് ലോകത്തേക്ക് തൻ്റെ ആദ്യ കാൽവെയ്പ് നടത്തി.
മൃണാൾ സെൻ സംവിധാനം ചെയ്ത 1976-ലെ ദേശീയ അവാർഡ് നേടിയ മൃഗയ എന്ന സിനിമയിൽ കൂടിയാണ് മിഥുൻ തൻ്റെ കരിയർ ആരംഭിച്ചത്. ഈ ചിത്രത്തിൽ കൂടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യമായി നേടി. 1979-ലെ സ്പൈ ത്രില്ലറായ സുരക്ഷാ, തുടർന്ന് ഡിസ്കോ ഡാൻസർ, ഡാൻസ് ഡാൻസ്, പ്യാർ ജുക്താ നഹിൻ, കസം പൈദ കർനെ വാലെ കി, കമാൻഡോ തുടങ്ങിയ സിനിമകൾ ഹിറ്റായി .
1980-കളിൽ അദ്ദേഹം താര പദവിയിലേക്കുള്ള തൻ്റെ ഉയർച്ച ഉറപ്പിച്ചു. ഒരു പതിറ്റാണ്ടിനിടെ നൂറിലധികം സിനിമകളിൽ നായക വേഷം ചെയ്ത് മിഥുൻ റെക്കോർഡ് സൃഷ്ടിച്ചു. "ഐ ആം എ ഡിസ്കോ ഡാൻസർ", "ജിമ്മി ജിമ്മി" തുടങ്ങിയ ഗാനങ്ങളിലെ അദ്ദേഹത്തിൻ്റെ നൃത്ത പ്രകടനങ്ങൾ അദ്ദേഹത്തെ 'ഡിസ്കോ ഡാൻസർ' എന്ന പേരിൽ ആരാധകർക്കിടയിൽ ജനപ്രിയനാക്കി.
പുരസ്ക്കാര വാർത്തയോട്
പ്രതികരിച്ചുകൊണ്ട് മിഥുൻ ANI യോട് പറഞ്ഞു,"എനിക്ക് എന്ത് തോന്നുന്നുവെന്ന് പ്രകടിപ്പിക്കാൻ കഴിയുന്നില്ല . നാ മെയിൻ ഹാസ് സക്ത ഹൂൻ, ന ഖുഷി മേം റോ സക്താ ഹുൻ (എനിക്ക് ചിരിക്കാനും കഴിയുന്നില്ല സന്തോഷത്താൽ കരയാനും കഴിയില്ല) കൊൽക്കത്തയിലെ ഒരു സാധാരണ ആൺകുട്ടി ,ഇത്തരമൊരു ബഹുമതി ... ഇത് എൻ്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ആരാധകർക്കും ഞാൻ സമർപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി താരത്തെ അഭിനന്ദിച്ചു. "ശ്രീ മിഥുൻ ചക്രവർത്തി ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച്, അദ്ദേഹത്തിന് അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് തലമുറകളോളം ആദരിക്കപ്പെടുന്ന ഒരു സാംസ്കാരിക ഐക്കൺ ആണ് അദ്ദേഹം. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും ."
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേളയിൽ മിഥുൻ ചക്രവർത്തിയെ ആദരിക്കും . ഒക്ടോബർ 8 ന് അദ്ദേഹത്തിന് ഫാൽക്കെ പുരസ്കാരം നൽകും .