വരിയുടയ്ക്കപ്പെട്ട സിവിൽ സർവ്വീസ്
32 days ago
ഈ ചോദ്യത്തിന് ഇപ്പോൾ കാരണമായത് , നവീൻ ബാബു എന്ന അഡീഷണൽ ജില്ല മജിസ്ട്രേട്ടിൻ്റെ ആത്മഹത്യ ആണ് .19-ാം വയസ്സിൽ റവന്യൂ വകുപ്പിൽ ജോലി നേടി മൂന്ന് ദശകങ്ങൾ സർക്കാരിനെ സേവിച്ച സത്യസന്ധനായ ഉദ്യോഗസ്ഥന് ജനപ്രതിനിധിയിൽ നിന്ന് ഉണ്ടായ കടുത്ത പരസ്യ അധിക്ഷേപം അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായപ്പോൾ പരാജയപ്പെട്ടത് കേരളത്തിൻ്റെ കപട പ്രബുദ്ധതയാണ് .
അഴിമതി രഹിത സിവിൾ സർവ്വീസ് എന്നത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന കേരളത്തിൽ സത്യസന്ധതക്ക് എന്തു വില ? നവീൻ ബാബു അഴിമതി നടത്തിയിട്ടില്ലാത്ത ,കർമ്മ കുശലനായ , സത്യസന്ധനും സൗമ്യനുമായ ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന് ഇതിനോടകം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ജില്ലാ കളക്ടർമാരും സഹപ്രവർത്തകരും പറഞ്ഞിട്ടുണ്ട് . അഴിമതി നടത്താത്ത ഉദ്യോഗസ്ഥൻ സ്വാഭാവികമായും തൻ്റെ ഓഫീസ് അഴിമതി മുക്തമാക്കാൻ ശ്രമിക്കും . അത്തരം ശ്രമങ്ങളാകാം ഒരു പക്ഷേ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം നേരിട്ട അധിക്ഷേപത്തെ നിശ്ശബ്ദമായി ആസ്വദിക്കപ്പെട്ടത് . ജില്ലാ കളക്ടർ അദ്ധ്യക്ഷനായി കളക്ട്രേറ്റ് ഉദ്യോഗസ്ഥർ സംഘടിപ്പിച്ച പരിപാടിയിൽ , അധികാര ഗർവ്വിൽ അതിക്രമിച്ചെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നവീൻ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചപ്പോൾ സദസ്സിൽ നിന്നോ വേദിയിൽ നിന്നോ ഒരു പ്രതിഷേധവും ഉയരാത്തത് കേരളത്തിലെ സിവിൾ സർവ്വീസ് എത്രത്തോളം അഴിമതിയിൽ മുങ്ങിയിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് .