ⓘ WEBSITE UNDER DEVELOPMENT

NewsAd1
നാഗവല്ലിമാർ ചിലങ്ക കെട്ടുന്ന അഷ്ടമി ദിനരാത്രങ്ങൾ:മോഹൻ കെ കൃഷ്ണൻ
മോഹൻ കെ കൃഷ്ണൻ
26 June 2024, 11:35 am
main image of news

മരണ നാൾ ആഘോഷമാക്കിയ മലയാള സിനിമയുടെ കാരണവർ തിക്കുറിശ്ശി ,വീട് ഒരുക്കി പെയിന്റു ചെയ്തു . സുഹൃത്തുക്കളെയും ക്ഷണിച്ചു. പക്കവും പക്ഷവും സൂക്ഷ്മതയോടെ അളന്നിട്ട തലക്കുറി .പൂർവ്വ നിശ്ചിതങ്ങളായ ജീവിതങ്ങൾ!!

മരിച്ചു പോയ ഭാര്യയോട് സംസാരിക്കുമായിരുന്നു യശശ്ശരീരനായ ജസ്റ്റീസ് കൃഷ്ണയ്യർ.
ശ്രീമതി ശ്രീലേഖ IPS കണ്ട ഒരുസ്വപ്നത്തിൽ നിന്നുമായിരുന്നു ഒരു കൊലപാതകിയെ കണ്ടെത്തിയത്. .
വിഖ്യാത ചലച്ചിത്രകാരൻ അകീര കുറസോവയുടെ റാഷമോണിൽ കുറ്റം തെളിയിക്കാൻ ,വധിക്കപ്പെട്ട സമുറായിയുടെ ആത്മാവിനെ വിളിച്ചു വരുത്തുന്നുണ്ട്.സ്കോട്ട്ലൻഡ് യാർഡുംഎഫ്ബിഐയും അതു തന്നെ ചെയ്യുന്നു. 'അവർ ജാതകങ്ങളും തിരയുമെന്നും' മുൻ പൊലീസ് മേധാവി ഡോ.അലക്സാണ്ടർ ജേക്കബ്.

 image 2 of news

സഹജാവബോധം അഥവാ അന്തർജ്ഞാനത്തിന്(intuition) നിദർശനമായി ജയറാം പടിക്കലിക്കലിനെ അലക്സാണ്ടർ ജേക്കബ് ഉദ്ധരിക്കുന്നു. തിരുവനന്തപുരം നഗരസഭയിൽ നടന്ന ഒരു കൊലപാതകം. മൂന്നാം ദിവസവും അന്വേഷണം വഴിമുട്ടി. അന്നു വൈകിട്ട് പതിവില്ലാതെ ജയറാം പടിക്കൽ എസ്ഐയേയും കൂട്ടി അവിടുത്തെ കാന്റീനിൽ എത്തി. ചായകൊണ്ടു വന്ന സപ്ലൈയറെ അടിമുടി നോക്കി. പിന്നെ എസ്ഐയോട് അയാളെ അറസ്റ്റു ചെയ്യാൻ നിർദ്ദേശം നൽകി. അയാളായിരുന്നു കൊലയാളി!
മറ്റൊരാനുഭവം അലക്സാണ്ടർ ജേക്കബ് പറയുന്നത് ഇങ്ങനെ 'ഒരിക്കൽ ചേങ്കോട്ടുകോണം സ്വാമിയുടെ മുന്നിൽ അദ്ദേഹം പറഞ്ഞ പ്രകാരം ഞാൻ വച്ച എന്റെ കൈവശമുണ്ടായിരുന്ന കുറച്ചു പഞ്ഞിയിൽ സ്വാമി ഒന്നു നോക്കി. സെക്കൻഡുകൾക്കകം ആ പഞ്ഞി കത്തിയെരിയാൻ തുടങ്ങി.!!
HomeAd1
 image 3 of news

അതെ,സാക്ഷ്യങ്ങൾ നൂറുണ്ട്. പറഞ്ഞു തീരില്ല. നിർമിത ബുദ്ധിയുടെ മായികതയിലും മനുഷ്യമനസ്സ് അവൻ ഇന്നോളം കാണാത്ത ദിശകളും ദേശങ്ങളും ലക്ഷ്യമിട്ട് ഒരു മാന്ത്രിക ക്കുതിരയെ പോലെ പായുകയാണ്.അതെ,ഇന്നും മനുഷ്യമനസ്സ് ഒരു പ്രഹേളികയായി തന്നെ തുടരുന്നു.
പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി പലരും പലതും കാണുന്നു,
കേൾക്കുന്നു, സംവദിക്കുന്നു. അതിന്ദ്രീയ സിദ്ധികൾ( ESP-extra sensory perception) ഉള്ളവർ നമ്മുടെ ധാരണകളെ ആകെ പൊളിച്ചടുക്കുന്നു.അതിന്ദ്രിയ സ്വാധീനമുള്ളവർ (psychic)ഭുതകാല കാഴ്ചകളെ വീണ്ടും വീണ്ടും ലൈവായി കാണുന്നു.ഭാവിയും വ്യക്തമായി അവർക്ക് മുന്നിൽ തെളിയുന്നു. തൂങ്ങി മരണം നടന്ന വീട്ടിൽ എന്നു ചെന്നാലും തൂങ്ങി നിൽക്കുന്ന കാഴ്ച കാണാനാണ് അവർക്ക് വിധി.(time slip&time travel).പലർക്കും ഇതൊരു തൊന്തരവാണ്.കാറിൽ യാത്ര ചെയ്യുമ്പോൾ ദേശീയ പാതകളിൽ പൊടുന്നനെ കുറുകെ ചാടി മറയുന്നവരെ നാം കണ്ടിരിക്കാം. അവിടെ അപകടത്തിൽ പൊലിഞ്ഞവരാകാം അവർ.കേമൻമാരാണ് നാം . പക്ഷേ മറുപടികളിൽ പതറും. മാങ്ങയോ അണ്ടിയോ മൂത്തത്?
സുന്ദരികൾക്ക് ഗന്ധർവൻമാരും സുന്ദരൻമാർക്ക് യക്ഷികളുമാണ് ജോഡി. കേരളത്തിലെ യക്ഷികൾക്ക് ഏകീകൃത യൂണിഫോം ഏർപ്പെടുത്തിയത് വൈക്കം മുഹമ്മദ് ബഷീറും സംവിധായകൻ ഏ.വിൻസെന്റും ആകാനാണ് സാധ്യത. നാളിതുവരെ ഇതേചൊല്ലി പരാതിയുമില്ല. ഭാഗ്യം.. !

 image 4 of news

അരൂപികളും അന്ധകാരവും അസുഖകരമായ കാഴ്ചകളിലുമുള്ളവരെ പ്രതികാരദാഹികളും ഭീതിപടർത്തുവരും ആക്കി മാറ്റിയത് നമ്മുടെ പ്രാക്തന ഭയപ്പാടും പൂർവിക അനുഭവങ്ങളും(past experience)മാത്രമല്ല സാഹിത്യവും നമ്മിൽ കയറ്റിവിട്ട മുത്തശ്ശികഥകളും കൂടിയാണ്. ഇവിടെ ഭയം ഒരു സാമ്രാജ്യമാകുന്നു. ആയിരക്കണക്കിന് വർഷങ്ങൾ ഇവിടെ ജീവിച്ച നമ്മുടെ മുൻ തലമുറകൾ നമ്മിൽ അവശേഷിപ്പിച്ച മായാമുദ്രകളാണ്(ആർക്കിടൈപ്പ്സ്)ഈശ്വരനും വെള്ളവും പച്ചയും ചുവപ്പും ഭയപ്പാടുമൊക്കെ. അവയൊക്കെ സൂക്ഷിക്കുന്ന മാന്ത്രിക ചെപ്പുകളായ മനസ്സും ബോധവും(consciousness) ശരീരത്തിൽ തിരഞ്ഞിട്ടും കാര്യമില്ല. അവ അമൂർത്തങ്ങളാണ്. ആദ്യ ശ്വാസം മുതൽ അന്ത്യശ്വാസം വരെ അവയുടെ ചക്കിൽ ചുറ്റിത്തിരിയാനാണ് മനുഷ്യരാശിയുടെ നിയോഗം. സത്യം ശിവം സുന്ദരം!!!

ഭയത്തിൽ നിന്നും മുക്തി നേടാൻ ശ്രീ ബുദ്ധൻ ഉപദേശിക്കുന്നത് ഇങ്ങനെ:ഹേ ബ്രാഹ്മണ, ചതുർദശി,പൗർണമി, അമാവാസി, അഷ്ടമി തുടങ്ങിയ പേടിപ്പെടുത്തുന്ന രാത്രികളിൽ ഘോര വനങ്ങളിൽ ഏകാകിയായി ഞാൻ പാർത്തു. ഭയഭൈരവനെ കാണാനും കീഴ്പ്പെടുത്താനും. ഒരു ചില്ല വീഴുമ്പോൾ, ഒരില അനങ്ങുമ്പോൾ,ഒരു മാനോടുമ്പോൾ ഒരു മയിലനങ്ങുമ്പോൾ ഞാൻ ഭയഭൈരവനെ പ്രതീക്ഷിച്ചു. ഇരിക്കുമ്പോൾ ഇരുന്ന ഇരിപ്പിലും നിൽക്കുമ്പോൾ നിന്ന നില്പിലും കിടക്കുമ്പോൾ കിടന്ന നിലയിലും ഞാൻ ഭയഭൈരവനെ നശിപ്പിച്ചു കൊണ്ടിരുന്നു. നിർഭയരാകാൻ വാക്കു കൊണ്ടും മനസു കൊണ്ടും ശരീരം കൊണ്ടും കുശല മാർഗങ്ങൾ അവലംബിക്കുക.

Keywords:

home ad2 16*9

Recent in Life

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞