പാകിസ്താൻ്റെ
വെള്ളം കുടി മുട്ടുമോ..!
20 hours ago
എന്താണ് സിന്ധു നദീജല ഉടമ്പടി..?
ഇന്ത്യ-പാക് വിഭജനത്തിന് മുമ്പേ പാകിസ്താനിലെ സിന്ധ് പ്രവിശ്യയും ഇന്ത്യയിലെ പഞ്ചാബും തമ്മിൽ നദീജലം പങ്കിടുന്നതിൽ തർക്കങ്ങൾ തുടങ്ങിയിരുന്നു.1947 ൽ ഇന്ത്യ-പാക് എഞ്ചിനീയർമാർ തമ്മിൽ ഒരു കരാർ ഉണ്ടാക്കി. അത് പ്രകാരം പ്രധാന കനാലുകൾ വഴി പാകിസ്താന് ജലം ലഭിച്ചു കൊണ്ടിരുന്നു.1948 മാർച്ച് 31 വരെ ആയിരുന്നു കരാർ കാലാവധി. കരാർ അവസാനിച്ച ഏപ്രിൽ ഒന്നാം തീയതി ഭാരതം ജലവിതരണം നിർത്തി വെച്ചു. ഇതേ തുടർന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 17 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ച് ഭാരതം ജലവിതരണം പുനരാരംഭിച്ചു.1951 മുതൽ ലോക ബാങ്കിൻ്റെ മദ്ധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നദീജലം പങ്കിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 1960
സെപ്റ്റംബർ 19 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച കരാറാണ് സിന്ധു നദീജല ഉടമ്പടി. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കറാച്ചിയിൽ ഒപ്പുവച്ച ഈ കരാറിലൂടെ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളായ രവി, ബിയാസ്, സത്ലജ്, ഝലം ചെനാബ് എന്നിവയുടെയും ജലവിതരണം നിർണ്ണയിക്കപ്പെടുന്നു.
കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയിൽ ഇന്ത്യയ്ക്ക് "അനിയന്ത്രിത ഉപയോഗം" സാദ്ധ്യമാണ്, അതേ സമയം പാകിസ്ഥാന് സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറൻ നദികളിലെ ജലവും ഉപയോഗിക്കാം. ചില ഉപഭോഗേതര, കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കും ജലവൈദ്യുത ഉൽപ്പാദനത്തിനും പടിഞ്ഞാറൻ നദികളിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാൻ കരാർ ന്യൂഡൽഹിയെ അനുവദിക്കുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഉടമ്പടിയുടെ ആർട്ടിക്കിൾ III (4) പ്രകാരം കരാർ വ്യവസ്ഥകൾ അനുവദിക്കുന്നവ ഒഴികെ, ഇന്ത്യ "പടിഞ്ഞാറൻ നദികളിലെ വെള്ളം സംഭരിക്കുകയോ അവയിൽ ഏതെങ്കിലും സംഭരണ പ്രവർത്തനങ്ങൾ നിർമ്മിക്കുകയോ ചെയ്യരുത്" എന്ന് പറയുന്നുണ്ട്.