ⓘ WEBSITE UNDER TESTING

NewsAd1
കിളിവാതിലിൽ മുട്ടിവിളിച്ചത് കിളിപോയവർ
മോഹൻ കെ കൃഷ്ണൻ
25 August 2024, 5:25 pm
main image of news

ഒടുവിൽ സർക്കാർ സിനിമയിലെ സ്ത്രീകളെ രക്ഷിക്കാനെത്തി എന്നു പറയാൻ വരട്ടെ. ആരോപണങ്ങൾ കാരണം മുഖം നഷ്ടപ്പെട്ട് അധികാര സ്ഥാനങ്ങൾ ഒഴിയേണ്ടി വന്നത് രണ്ടുപേർക്ക് ;രഞ്ജിത്തിനും സിദ്ദിക്കിനും.. സർക്കാരിന് പ്രിയപ്പെട്ട പലർക്കുംഎതിരെ വെളിപ്പെടുത്തലുകൾ പല കോണിൽ നിന്നും വന്നുകൊണ്ടേയിരിക്കുന്നു. ഒരു അന്വേഷണ സംവിധാനം വന്നാൽ പരസ്യപ്രതികരണങ്ങൾ ഒടുങ്ങിക്കൊള്ളുമെന്ന ബുദ്ധി ആരാണാവോ സർക്കാരിന് പറഞ്ഞു കൊടുത്തത്!എന്തായാലും വയനാട് ഉൾപ്പെടെയുള്ള അതിപ്രധാന വിഷയങ്ങൾ വിട്ട് മലയാളി ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ട്‌ കാണാതെ പഠിക്കുകയാണ്. ഗുരുതരമായ ലൈംഗിക ദാരിദ്ര്യത്തിൽ ഉഴലുന്ന മലയാളി സമുഹത്തിന്റെ മടിത്തട്ടിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഡ്രീം റിപ്പോർട്ട് നിപതിച്ചത്.അതെ,ഇപ്പോൾ ആമോദത്തിന് ആകാശമാണതിര്! എൺപത് ശതമാനം വരുന്ന ഇവിടുത്തെ വൃദ്ധസമൂഹം അവരുടെ പടുതിരിയായ രതിസാമ്രാജ്യം ഈ റിപ്പോർട്ടിൽ ചാലിച്ച് നുണയുന്ന തിരക്കിലുമാണ്. നവയൗവ്വനവും വന്നു നാൾതോറും വളരുന്ന ഇക്കിളി കഥാസന്ദർഭങ്ങൾ തുടരനായി പ്രക്ഷേപിച്ച് വൃത്താന്ത പത്രക്കാരും രംഗം കൊഴുപ്പിക്കുന്നുണ്ട്.ആത്യന്തികമായിഇത് മലയാളി യുടെസ്വകാര്യതയിലേക്കുള്ള പരസ്യമായ ഒളിഞ്ഞു നോട്ടം മാത്രമാണ്.

സിനിമാരംഗം ആദർശ സമൂഹമാണെന്നും വിശുദ്ധ കാളയാണെന്നും അരി ഭക്ഷിക്കുന്നവർ(ഇപ്പോൾ ഗോതമ്പ്) ആരും തന്നെ കരുതില്ല. എന്നിട്ടും റിപ്പോർട്ട് കണ്ട് പലരും ഞെട്ടുകയും അമ്പരക്കുകയും ചെയ്തുവത്രേ! ഉള്ളടക്കത്തെക്കാൾ ഭീകരമായവ കുത്തിയൊലിക്കാൻ വെമ്പുന്ന ഒറിജിനൽ മലയാളികളാണ് ഈ ഞെട്ടലുകാരിൽ ഏറെയും.
ഇനിയുമുള്ള ഒന്നോ രണ്ടോ വാരം കുശാൽ. അന്തി ചർച്ചകളിൽ ആറാടാം.വെടി പറഞ്ഞിരിക്കുന്നവർക്കും ആപ്പീസുകളിലെ സുന്ദര കില്ലാടികൾക്കു വനിതാ ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കാൻ ഉതകുന്ന ഒറ്റമൂലിയാണീ മൊതല്.

 image 2 of news

ലക്ഷണമൊത്ത എല്ലാ സാമുഹിക ജീർണതകളും പേറുന്ന മറ്റൊരു മണ്ഡലം മാത്രമാണ് സിനിമാ രംഗം. വെള്ളിത്തിരയുടെ മാന്ത്രികതയും അറിയപ്പെടാനുള്ള അതിമോഹവും ആളുകളെ ഇവിടെ എത്തിക്കുന്നു.അവരുടെ കനവുകളിൽ ഒരു മിന്നും താരമുണ്ട്. .യൂണിവേഴ്സൽ ആർട്സ് & സ്പോർട്സ് ക്ളബ് നൽകിയ നാടോടി നൃത്തത്തിലും ഗ്രൂപ്പ് ഡാൻസിലും സബ്ജില്ലാ കലോത്സവത്തിലെ പുരസ്ക്കാരങ്ങളും ചെട്ടിനാട് സിമന്റു പോലെ തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവുമാണ് അവരുടെ ഒസ്യത്ത്.

ഇവർ വന്നു കയറുന്ന രാവണൻ കോട്ടയുടെ അവകാശികൾ ഏറെയാണ്..പുത്തൻ മടിശ്ശീലകാർ,കള്ളപ്പണം വെളു പ്പിക്കുന്നവർ, ലാഭക്കണ്ണുള്ള വ്യാപാരികളും വ്യവസായികളും ദല്ലാൾമാർ, കൂട്ടിക്കൊടുപ്പുകാർ, മാഫിയകളും ഗുണ്ടകളും ഇടത്തരം രാഷ്ട്രീയ നേതാക്കൾ, വമ്പൻ താരങ്ങളുടെ ഭൂതവും ഭൂതഗണങ്ങളും...എന്നാൽ ഇതിന്റെ മറുപുറം തികച്ചും സോദ്ദേശപരവും കലാത്മകവും രചനാത്മകവുമായ സിനിമാ പ്രവർത്തനങ്ങളാണ്.
ഒരു ശ്രേഷ്ഠ പൈതൃകം പേറുന്ന കലയും വ്യവസായവുമാണിന്ന് കനകവും കാമിനിയും കാരണം അവ മതിക്കപ്പെടുന്നത്.സാമുഹിക പ്രതിഭാസങ്ങൾ ഒന്നും തന്നെ ഒറ്റപ്പെട്ടതല്ലന്നറിയുക. രാഷ്ട്രീയ ജീർണതയാണ് സാമുഹിക,സാംസ്കാരിക ജീർണതക്കു വളമിടുന്നത്. അടിമുടി ചീഞ്ഞളിഞ്ഞ സമകാലിക രാഷ്ട്രീയ മേഖല മലയെങ്കിൽ സിനിമാരംഗം എലി മാത്രമാകുന്നു.
HomeAd1
 image 3 of news

പഴയ പാതയോരങ്ങളും ഭൂതകാലങ്ങളും ഒരാവശ്യവും ഇല്ലാതെ തേടുകയും ഇല്ലാത്ത ചക്രവാള സീമയിലെ ചെന്താരകത്തെ കഥയില്ലാതെ ദിവാസ്വപ്നം കാണാൻ ചുമ്മാ ആഹ്വാനമുയർത്തുകയും ചെയ്യുന്ന നമ്മുടെ പാർട്ടിയിലെ പെൺവിഷയ പരാതികൾ പതപ്പിച്ചാൽ കിടുങ്ങുക മാത്രമല്ല കുടുങ്ങുകയും ചെയ്യും. കിന്നാര ത്തുമ്പികൾ സിനിമയിലേതി നേക്കാൾ പാറിപ്പ റക്കുന്നത് രാഷ്ടിയ നഭോമണ്ഡലത്തിലാണന്നത് സുവ്യക്തം.
ഇനി ഗാലറിയിൽ ഇരുന്നു ഗോളടിക്കുകയും എല്ലാ വൃത്തികേടുകളും ചെയ്തു കൂട്ടിയിട്ട് നീതിമാൻമാരായി ചമയുന്ന രാഷ്ട്രീയക്കാരെ കേൾക്കുക.
മാനംപോയ പെണ്ണുങ്ങൾ അവശേഷിക്കുന്ന നാണത്തെയും വലിച്ചെറിഞ്ഞു പരാതിപെട്ടാൽ എത്ര വലിയ പൂവമ്പനെയും സത്വരം അകത്താക്കുമെന്നാണ് മുഖ്യനും മുഖ്യ വിചാരിപ്പുകാരും നമ്മെ തെര്യപ്പെടുത്തുന്നത്.
ഇരകളെ മാധ്യമങ്ങൾക്കു മുമ്പിൽ ബലി കൊടുത്ത് അവരുടെ ഭാവിജീവനം തകർക്കാനും ഈ വാർത്താ മസാല ഘോഷിക്കാനും ഇതിൽ മുങ്ങിത്താണ് മൂപ്പിലാൻമാർക്ക് ആത്മരതി പൂകാനും മാത്രമേ ഈ വികലമായ നിലപാടിനു കഴിയൂ. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഒരു സഖാവിന്റെ കമ്മ്യൂണിറ്റ് ആരോഗ്യത്തിൽ തൊടാനുള്ള ആവതില്ലാത്തവരാണ് വമ്പൻമാരെ പൂട്ടാൻ എണ്ണയും തേച്ച് ജേഴ്സിയുമിട്ട് മൈക്രോഫോണിനു മുന്നിൽ അഭ്യാസപ്രകടനം നടത്തുന്നത്. പൊട്ടൻ കളിക്കുന്ന ഇവർക്ക് നേരവും വെളുത്തില്ല. ഇവരാണ് പതം പറഞ്ഞും നൈസായി വിരട്ടിയും പേരിനും പെരുമയ്ക്കുമായി കുലസ്ത്രീ കളെ അണിനിരത്തി തെരുവുകളിൽ വനിതാ മതിലുകൾ തീർത്തത്. ഇവരാണ് കുടുംബ വിളക്കുകളെ തിരക്കേറിയ ദേശീയപാതകളിലും നാൽക്കവലകളിലും ബസ് സ്റ്റാൻഡുകളിലും ശൃംഗാര ത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ആടകൾ അണിയിച്ചു ചുവടുകൾ വയ്പ്പിച്ചത്.ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളെ സിനിമയിൽ നിന്നും തുടച്ചു നീക്കുമെന്ന് ആണയിടുന്നതും ഇവർ തന്നെ.അതെ നമ്മുടെ സെക്രട്ടറിക്ക് വല്ലാതെ വിയർക്കേണ്ടിവരും. ഒളിസങ്കേതങ്ങളും ഒളിസേവയും വ്യാഖ്യാനിക്കും പോലെ. ഈശ്വരാ,എന്തൊക്കെ കഷ്ടപ്പാടുകൾ സഹിക്കണം ഒരു വിപ്ലവത്തിനു സന്നദ്ധരാക്കാൻ!!!!

 image 4 of news

അയൽക്കൂട്ടത്തിലെ ഭാനുമതി അക്കൻ പ്രതിവാരം എഴുതുന്ന കുറിപ്പുകളുടെ സാധുത പോലും ഇല്ലാത്തതാണ് ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട് എന്നൊരു നിരീക്ഷണമുണ്ട്.വെറുമൊരു കമ്മിറ്റി റിപ്പോർട്ട് ;അതിനൊരു നെറ്റിപ്പട്ടമായി ഒരു ജസ്റ്റിസിനെയും ഉൾപ്പെടുത്തി. ഈ ആശയത്തിന് ജനദ്രോഹം കൈമുതലാക്കിയ ഒരു കാഞ്ഞ ബുദ്ധിയുടെ കൈയ്യൊപ്പും കാണാം.

തിരനാടകം നേരത്തെ തന്നെ റെഡിയായിരുന്നു. എറിയാൻ അറിയുന്നവന് ഇതൊരു വിധിയും അവസരവുമാണ്. പരാമർശ വിധേയർക്ക് വിധേയരാകാനുള്ള വിധിയും പാർട്ടിക്ക് യഥേഷ്ടം പിരിവെടുക്കാനുള്ള അവസരവും. ഇടനിലക്കാർക്ക് ഇടവേളയില്ലാതെ സൂപ്പർ ബൊണാൻസയും !
റിപ്പോർട്ടിലെ പുറത്തു വരാത്തതെന്നു നാം മാത്രം വിശ്വസിക്കുന്ന മൊഴിമുത്തുകളാണ് വേണ്ടപ്പെട്ട വരെല്ലാം ആദ്യം വായിച്ചതെന്നു കരുതണം.പിന്നാലെ വന്ന പ്രസ്താവനകളിൽ ആ മണമുണ്ട്.

കൊക്കുകളെയും കുളക്കോഴികളെയും സാക്ഷാൽ കോഴികളെയും അറിയുന്നവർക്കും അറിയേണ്ടവർക്കും നന്നായി അറിയാം. അതിനു റിപ്പോർട്ടിന്റെ ആവശ്യമില്ല. കെണിയിൽ അകപ്പെട്ടവരുടെയും കെണി തേടിപ്പോയവരുടെയും കാര്യവും അങ്ങനെ തന്നെ. തേയ്ക്കപ്പെട്ടവരും ബുള്ളിയിംഗും പ്രതികാരവും ബ്ളാക്ക് മെയിലിംഗും ഒക്കെ ഉഭയസമ്മിതിയെ കാലാന്തരം അതിക്രമമാക്കി മാറ്റിയേക്കും. നാം കണികണ്ട് ഉണരുന്ന നന്മയെ പോലെ സൂക്ഷിക്കണം.അല്ലെങ്കിൽ പിരിയും.പുളിക്കും.

ഇരകൾ തങ്ങളുടെ ദുരനുഭവം സമിതി അംഗങ്ങളെ ഉചിത മാർഗേണ അറിയിച്ചു കഴിഞ്ഞു. ക്രൈം നടന്നു . മൊഴിയും രേഖപ്പെടുത്തി കഴിഞ്ഞു. ഇനി ബന്ധപ്പെട്ട ആര് അന്യായം കൊടുത്താലും കോടതിയി ൽഎത്തി പ്രതികളെ കാണിക്കേണ്ട ചുമതല കമ്മിറ്റി അംഗങ്ങൾക്കായിരിക്കുമെന്നും നിരീക്ഷണമുണ്ട്.അത് മറ്റൊരു വേലി.!
സൂപ്പർ സീനിയർ ആയാലും ഇപ്പോഴും സൂപ്പർ എന്നാണ് പലരുടെയും ഭാവം! എന്നാൽ
ബുദ്ധൻ പറഞ്ഞ ജരാനരകൾ അവരുടെ ലാവണ്യത്തെയും ഭാവങ്ങളെയും നിശ്ചേതനമാക്കും. അഞ്ചു വയസുകാരിയെ കൊണ്ട് ഏട്ടാ,ഇക്ക വിളിപ്പിക്കുന്ന വകതിരിവ് ഇല്ലായ്മയെയും ഇത് ആസ്വദിക്കുന്നവരെയും സമ്മതിക്കണം. കഥാകാരന്റെയും സംവിധായകന്റെയും കളിമണ്ണ് മാത്രമാണ് നടനെന്ന വിവേകം ആർക്കുണ്ട്? നടൻമാർ ചെയ്തിട്ടതിനപ്പുറമില്ലന്നത് നമ്മുടെ മോശം കാഴ്ചയും കാഴ്ചപ്പാടുമാണ്. അതുകൊണ്ടാണ്
ജനലക്ഷങ്ങളുടെ നിത്യജീവിതം സുഖദമാക്കിയ ശാസ്ത്രകാരൻ നമുക്ക് അപ്രസക്തനാകുന്നതും പകരം നടിയുടെ സാരിത്തുമ്പിൽ തൂങ്ങിയാടുന്ന നടനും ക്രിമിനൽ പശ്ചാത്തലമുള്ളവരും അഴിമതി വീരൻമാരും നെറിവില്ലാത്തവരുമായ രാഷ്ട്രീയക്കാരും നമുക്കു പ്രിയപ്പെട്ടവരാകുന്നതും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞