സിനിമയിലെ കാല്പനികതയും രാഷ്ട്രീയത്തിലെ യാഥാർത്ഥ്യവും വിളക്കിച്ചേർത്ത് സമരസപ്പെടാത്തതിന്റെ ലക്ഷണങ്ങളാണ് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരൻ പലപ്പോഴും പ്രകടിപ്പിക്കുന്നത്. അവസരം കാത്തിരിക്കുന്ന കഴുകക്കണ്ണുകൾ സുരേഷ് ഗോപി വിളമ്പുന്ന ഈ വിഭവങ്ങൾ അദ്ദേഹത്തിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കുന്നതും നാട്ടിലിപ്പോൾ സ്ഥിരം കാഴ്ച. നിരന്തരം ഉണ്ടാവുന്ന ഇത്തരം സംഭവങ്ങളിൽ നിന്ന് വഴി മാറി നടക്കാൻ അദ്ദേഹത്തിന് സാധിക്കാതെ വരികയും ചെയ്യുന്നത് ക്രമേണ അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കും. അറിഞ്ഞോ അറിയാതെയോ നിരന്തരമായി വിവാദങ്ങളിൽ ചെന്നു പെടുന്നതും ആവർത്തിക്കപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അവ ചർച്ചയാക്കപ്പെടുകയും ചെയ്യുന്നത് രാഷ്ട്രീയ പക്വത ഇല്ലായ്മയായി വിലയിരുത്തപ്പെടും. മഹനീയ വ്യക്തിത്വങ്ങളെ പോലും മനുഷ്യ മനസാക്ഷിക്കു നിരക്കാത്ത രീതിയിൽ സമൂഹമധ്യത്തിൽ പോസ്റ്റ് മാർട്ടം നടത്തുന്ന നവ മാധ്യമ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നതിനാൽ വിശേഷിച്ചും.
അഭിനയമാണ് താങ്കളുടെ പാഷൻ എന്ന് അറിയാത്തവരല്ല മലയാളികൾ. പക്ഷേ എന്തു ചെയ്യാം. നിരവധി പേർ; പരിഹാരമാർഗ്ഗങ്ങൾക്കുള്ള ആശ്രയമായി കാണുന്നത് സുരേഷ് ഗോപിയെ ആണ്. വൈറൽ ഫീവർ പിടിച്ച് കിടന്നതിനാൽ വയനാട് ദുരിതബാധിത പ്രദേശത്ത് ലേശം താമസിച്ച് എത്തിപ്പോയി എന്നതിന് താങ്കൾ കേട്ട പഴി ചെറുതോന്നുമല്ലല്ലോ. താങ്കൾക്ക് ഇതൊന്നും പ്രശ്നമല്ലായിരിക്കാം. മറികടക്കാനുള്ള മാർഗങ്ങളും അറിയുമായിരിക്കാം. പക്ഷേ സാമൂഹ്യ മാധ്യമങ്ങളിലൂടെയും; മറ്റ് നിക്ഷിപ്ത താല്പര്യക്കാരുടെ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന അസത്യ വാർത്തകൾ വായിക്കുകയും കാണുകയും ചെയ്യുന്ന സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും ഈ കള്ളക്കഥകളിൽ വീണുപോയേക്കാം.
താങ്കളുടെ പാഷനായ സിനിമ വലിയൊരളവിൽ വിഘാതം സൃഷ്ടിച്ചേക്കാം. മന്ത്രിസ്ഥാനം ലഭിച്ച ആദ്യ നാളുകളിൽ തന്നെ താങ്കൾ അത് മനസ്സിലാക്കി എന്നറിയാം. ഒരുപക്ഷേ ക്യാബിനറ്റ് റാങ്ക് താങ്കൾക്ക് ലഭ്യമാക്കാതിരുന്നതിൻ്റെ കേന്ദ്ര ഉദ്ദേശവും അവരുടെ രാഷ്ട്രീയ പരിചയ സമ്പന്നതയുടെ തെളിവാണ്. തൃശ്ശൂർകാർക്ക് മാത്രമല്ല ചരിത്ര സംഭവമായി മാറിയ താങ്കളുടെ വിജയത്തിന് ഒരു സഹമന്ത്രി സ്ഥാനമെങ്കിലും തന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകൾ ഓർത്താകും ഒരു പക്ഷേ താങ്കൾക്ക് സഹമന്ത്രി സ്ഥാനം വച്ചു നീട്ടിയത്. അതിനെ ശരിയാംവണ്ണം വിനിയോഗിക്കാനുള്ള ഉത്തരവാദിത്വവും താങ്കൾക്കുണ്ട്. ചിന്തിച്ചുറച്ചുള്ള ഒരു തീരുമാനമാണ് വേണ്ടത്. നാൾക്ക് നാൾ ശോഭിക്കുന്ന സുരേഷ് ഗോപിയെ ആണ് നാടിന് ആവശ്യം. അതുകൊണ്ട് പറഞ്ഞുവെന്നേ ഉള്ളൂ.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..