ⓘ WEBSITE UNDER TESTING

NewsAd1
'അമ്മ'യാണെ സത്യം!
അനിൽ ബാലകൃഷ്ണൻ
27 August 2024, 6:07 pm
main image of news

"ഞങ്ങളാരും സിനിമയിലെ വനിതകളോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ഷൂട്ടിംഗ് സമയത്ത് അവർക്കനുവദിക്കുന്ന മുറിയിൽ സ്റ്റേഹപൂർവ്വം മുട്ടി വിളിച്ചിട്ടില്ല. അഡ്ജസ്റ്റ്മെന്റിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതിനാൽ അവരുടെ അവസരങ്ങൾ നിഷേധിച്ചിട്ടില്ല. അവസരം നൽകാമെന്നു പറഞ്ഞ് മുറിയിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തിട്ടില്ല. തലമുടിയിലോ വിരലുകളിലോ കഴുത്തിലോ അനുവാദമില്ലാതെ തൊടുകയോ ഉമ്മവയ്ക്കുകയോ ചെയ്തിട്ടില്ല. ഞങ്ങളറിയാതെ സംഘടനയിൽ പ്രവേശിക്കുന്നത് ഒന്നു കാണട്ടെ എന്ന് ഉമ്മാക്കി കാട്ടിയിട്ടില്ല. കഥ സിനിമയാക്കാമെന്നു പറഞ്ഞ് കടന്നു പിടിച്ച് കട്ടിലിലേക്ക് ആനയിച്ചിട്ടില്ല, സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന്റെ ഇടവേളയിൽ ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്തിട്ടില്ല,മൊബൈലിൽ രതി സന്ദേശങ്ങളയക്കുകയോ പ്രലോഭിക്കും വിധത്തിൽ സംസാരിക്കുകയോ ഭാര്യ വരുമ്പോൾ ശബ്ദമിടറുകയാ ചെയ്തിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണ്. അംഗങ്ങളെന്ന ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ച് ചോരയും മാംസവും തീറ്റയാക്കുന്ന മാധ്യമങ്ങളാണ് എല്ലാറ്റിനും കാരണം. അമ്മയാണെ സത്യം!....." ആരോപണങ്ങളാൽ ഇതിനോടകം മുഖം നഷ്ടപ്പെട്ടവരും ഇനി നഷ്ടമാകാനിരിക്കുന്നവരുമായ ആൺതാരങ്ങൾ പൊതുവിടങ്ങളിൽ പറയാൻ പരിശീലിക്കുന്ന വാചകങ്ങൾ ഇങ്ങനെയാവാനേ തരമുള്ളൂ.

മോഹൻലാൽ എ എം എം എ യുടെ (അമ്മയെന്ന് അവർ തന്നെ പറഞ്ഞ് അപമാനിക്കുന്ന സംഘടനയുടെ ) അധ്യക്ഷസ്ഥാനമൊഴിഞ്ഞതിനു തൊട്ടുപിന്നാലെ എന്തിനുമേതിനും കടിച്ചാൽ പൊട്ടാത്ത ബുദ്ധിജീവി ന്യായം നിരത്തുന്ന ജോയ് മാത്യു ഉൾപ്പെടെയുള്ള ഭാരവാഹികളുൾക്കൊള്ളുന്ന ഭരണ സമിതിയും രാജിവച്ചു. (അതോ വയ്പ്പിച്ചോ ) പുതിയ ഭരണസമിതി രണ്ടു മാസങ്ങൾക്കുള്ളിൽ നിലവിൽ വരും, പുതിയ പ്രസിഡന്റും സെക്രട്ടറിയും മറ്റു ഭാരവാഹികളുമായി..

 image 2 of news

രണ്ടു മാസം കൂളിംഗ് ടൈമാണ്. ഇനിയും പലതും വരാനുള്ളതിനാലാണ് രണ്ടു മാസമെന്ന സമയപരിധി വച്ചത്. ഇപ്പോഴത്തെ സ്കോർ നില വച്ചു നോക്കിയാൽ ഒരു മാസം കൊണ്ട് ഏതാണ്ടെല്ലാ പുരുഷ അംഗങ്ങൾക്കെതിരെയും വരാനുള്ളത് വന്നു കഴിയും. അതു കഴിഞ്ഞും തറവാട്ടിൽ ആൺപിറന്നവർ ആരെങ്കിലുമവശേഷിച്ചാൽ അവരെ സംഘടനയുടെ ഭാരവാഹിത്വത്തിൽ കൊണ്ടു വരാം. അല്ലെങ്കിൽ സംഘടനയെ വിമെൻ ഇൻ സിനിമാ കളക്ടിവിൽ ലയിപ്പിക്കുകയോ സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ ഭരിക്കുന്ന സ്ത്രീകളുടെ ജനാധിപത്യ പ്രസ്ഥാനമായി പുന:സംഘടിപ്പിക്കുകയോ ആവാം.
HomeAd1
 image 3 of news

സംഘടനയുടെ പേരു മാറ്റവും സജീവമായി ചർച്ച ചെയ്യണം. മാക്ട ഇല്ലാതായി ഫെഫ്കയുണ്ടായതു പോലെ.
'അപ്പൻ' എന്ന പേര് സംഘടനയ്ക്ക് നൽകിയാൽ പകുതി പ്രശ്നം കുറയും. അലൻസിയർ നായകനായ സിനിമയുടെ പേരാണത് എന്ന ന്യായം പറഞ്ഞ് ആരെങ്കിലും എതിർപ്പുമായി വന്നാൽ 'തന്ത'യെന്നായാലും മതി. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണ വിധേയരായവർക്കെതിരേ കർശന നിലപാടെടുത്തവരെ 'തന്തയ്ക്കു പിറന്നവർ' എന്നാണല്ലോ പറയുന്നത്. പ്രസവിച്ചത് അമ്മയാണെങ്കിലും നിർഭയമായി കാര്യം പറയുന്നവരെ 'അമ്മക്ക് പിറന്നവർ' എന്നു പറയാത്തത് സമൂഹം ഇപ്പോഴും പുരുഷാധിപത്യ മനോഭാവം പിന്തുടരുന്നതിനാലാവാം.

 image 4 of news

സംഘടനയിൽ പ്രധാന സ്ഥാനങ്ങൾ പെണ്ണുങ്ങൾ വീതിച്ചെടുക്കണം. സ്വന്തം നിലക്ക് ഒരു പവർഗ്രൂപ്പ് വളർത്തിയെടുക്കാനും അവർക്ക് കഴിയണം.സിനിമയിൽ ചെറുപ്പക്കാരായി അഭിനയിക്കുന്നതു കൊണ്ടു മാത്രം യുവാക്കളെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചു പോവുന്ന മൂപ്പിലാൻ മാരെയും തൈക്കിളവൻമാരെയും ഉൾപ്പെടുത്തി സംഘടനയ്ക്ക് ഒരു സീനിയർ സിറ്റിസൺസ് ഫോറമുണ്ടാക്കിയാൽ ഇപ്പോഴുള്ള പ്രതിസന്ധിയുടെ 90 ശതമാനവും ഒഴിഞ്ഞു പൊയ്ക്കൊള്ളും.

പുതു തലമുറയിലെ വെട്ടിരുമ്പുകളായ ഷൈൻ ടോം ചാക്കോ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർക്കായി ഒരു ദുർഗുണ പരിഹാര പാഠശാല തുടങ്ങുന്നത് സജീവമായി പരിഗണിക്കണം. സംഘടനയിൽ ഇടം കിട്ടാത്ത പീഡന വിഭാഗക്കാർ ചേർന്ന് ഒരു 'ആൺപിളൈ ഒരുമയ്ക്കും' രൂപം നൽക്കുന്നതോടെ സർവ്വം മംഗളകരമായി പര്യവസാനിക്കും.
എന്താ വിശ്വാസമായില്ലേ?
അമ്മയാണെ സത്യം!!!

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞