സിപിഎം പാർട്ടി സമ്മേളനത്തിന്റെ പ്രസക്തി
ഡോ.എസ്.ശിവപ്രസാദ്
6 March 2025, 8:03 am
സിപിഎം സംസ്ഥാന സമ്മേളനത്തിന് കേരളീയ സാഹചര്യങ്ങളിൽ കാരണങ്ങൾ പലതുകൊണ്ടും പ്രസക്തി ഏറെയുണ്ട്. മൂന്ന് പതിറ്റാണ്ടിനു ശേഷം സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്ത് എത്തുമ്പോൾ പാർട്ടി ഘടകങ്ങൾ മാത്രമല്ല കേരളം ഒട്ടാകെ കാത്തിരിക്കുന്ന ഉത്തരങ്ങൾ പലതാണ്.
80 ആം വയസ്സത്തിലേക്കടുക്കുന്ന പിണറായി വിജയന് വയസ്സ് ഇളവ് നൽകി എട്ടാംതവണയും മത്സരിപ്പിക്കുമോ?, 75 വയസ്സ് പ്രായപരിധിയിൽ പെട്ട് ആരൊക്കെ പുറത്തുപോകും, രണ്ടാംനിര വൈസ് ക്യാപ്റ്റൻ മാരുടെ നിരയിൽ ആരുടെയൊക്കെ പേരുകൾ ഉണ്ടാകും, സംസ്ഥാന ദേശീയ സാഹചര്യങ്ങളിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം, സമരങ്ങളിൽ നിന്ന് ഭരണത്തിലേക്കും ഭരണം ഉറപ്പിക്കലിലേക്കുമുള്ള ചൂടുമാറ്റം, ബിജെപി യിലേക്കുള്ള വോട്ട് ചോർച്ച, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള നയ വ്യതിയാനങ്ങൾ, താഴെ തട്ടുകാരെയും മധ്യവർഗ്ഗ താൽപര്യങ്ങളേയും വൻകിട ബിസിനസ്സുകാർ ഉൾപ്പെടെയുള്ളവരുമായുള്ള ചങ്ങാത്തത്തേയും കൂട്ടിയോജിപ്പിക്കുകയും ചെയ്തു കൊണ്ട് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത, വിദേശ സഹായം ഉൾപ്പെടെ സ്വീകരിക്കുന്നതിലുള്ള പാർട്ടി നിലപാട്, വൻകിട മുതലാളിമാരും പദ്ധതികളുമായുള്ള ചങ്ങാത്തം, കുത്തഴിഞ്ഞ സാമ്പത്തിക നില മറികടക്കൽ, നവ കേരളത്തിലേക്കുള്ള പുതുവഴികൾ എന്നിങ്ങനെ പ്രത്യേക ശാസ്ത്ര നിലപാടുകളിലൊക്കെ മുൻകാലങ്ങളിൽ നിന്നുള്ള നയ വ്യതിയാനം അറിയാൻ പാർട്ടിക്കാർ മാത്രമല്ല കേരളം ഒട്ടാകെ കാത്തുനിൽപ്പാണ്
മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ മൂന്ന് വട്ടം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കേരളത്തിലെ ആദ്യ സിപിഎം നേതാവാണ് പിണറായി വിജയൻ. ഭരണത്തുടർച്ച ലക്ഷ്യമിടുകയും സാധ്യമാക്കുകയും ചെയ്ത ശേഷം തുടർച്ചയായ മൂന്നാം വട്ടം എന്ന റെക്കോർഡ് ആണ് പാർട്ടി ലക്ഷ്യമിടുന്നത്.
സർക്കാരിനെ നയിക്കുന്ന പാർട്ടി എന്നതിൽ നിന്ന് സർക്കാരിന് പിന്നിൽ എന്ന നിലയിലേക്ക്; കുറച്ചുകൂടി വ്യക്തമാക്കിയാൽ പിണറായി വിജയൻ എന്ന നേതാവിന് പിന്നിൽ അണിനിരക്കുന്ന പാർട്ടിയാണ് ഇപ്പോഴുള്ളത്. കോടിയേരി കാലഘട്ടത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയ എംവി ഗോവിന്ദൻ ആദ്യകാലങ്ങളിൽ ചില മുറു മുറുപ്പുകൾ കാട്ടിയെന്നത് ഒഴിച്ചാൽ പിന്നീട് സർവാത്മനാ പിണറായിക്ക് കീഴ്പ്പെട്ട് വീണ്ടും ഒരിക്കൽ കൂടി പാർട്ടി സെക്രട്ടറി സ്ഥാനം ഭദ്രമാക്കുന്ന തിരക്കിലാണ്. പാർട്ടി ഒറ്റക്കെട്ടാണ് എന്ന തോന്നലുളവാക്കാനുള്ള പല ശ്രമങ്ങളും കീഴ് ഘടകങ്ങളിൽ ഉണ്ടാക്കുന്ന മുറിവ് ചില്ലറയല്ല.
തദ്ദേശ - ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് ചോർച്ചയും പരാജയങ്ങളും സ്വയം വിമർശനാത്മകമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം പോലും പാർട്ടിക്കുള്ളിൽ പറയാൻ ആളില്ലാത്ത ദുര്യോഗം.
വിഭാഗീയത കരുത്ത് തെളിയിച്ച 1995ലെ സമ്മേളനം ഇപ്പോൾ പഴങ്കഥ. നയ രൂപീകരണത്തിലും പ്രത്യയശാസ്ത്ര നിലപാടുകളിലെ കടുംപിടുത്തത്തിലും ഉപരിയായി പ്രായോഗിക രാഷ്ട്രീയത്തിൽ ഒന്നിയുള്ള ഭരണ തുടർച്ചയിൽ നിന്നുള്ള നേട്ടം അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. സ്വകാര്യ യൂണിവേഴ്സിറ്റികളുടെ വരവ്, വിദേശ സഹായം ഉൾപ്പെടെ സ്വീകരിക്കുന്നതിൽ ഉള്ള ചുവട് മാറ്റം, നവ കേരള സൃഷ്ടിക്കായുള്ള പാർട്ടിയുടെ പുതുവഴികൾ, വൻകിട പദ്ധതികൾക്കായുള്ള പണം ചെലവഴിക്കൽ, ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള കുടിശികയ്ക്ക് പിന്നിലെ കാര്യകാരണങ്ങൾ ഒക്കെ ആഴത്തിലും ഗൗരവത്തിലും ചർച്ച ചെയ്യപ്പെടുമോ ആവോ.
കുറച്ചു ഏറെ നാളുകളായി സിപിഎം വോട്ടുകൾ ബിജെപി കൂടാരത്തിലേക്ക് പോകുന്നുണ്ടെന്ന ഗൗരവകരമായ കാര്യം, പ്രായപരിധി ഇളവ് ആർക്കൊക്കെ, കോൺഗ്രസ് ബന്ധം എങ്ങനെ എന്നിവയിന്മേലുള്ള ഉള്ള ചർച്ചകൾ എത്ര കണ്ടു ഫലവത്താകും എന്നറിയാൻ സമ്മേളനം തീരുന്നത് വരെ കാത്തു നിന്നേ മതിയാവൂ
പുറമേ നിന്നു നോക്കുമ്പോൾ നേതൃ വൃന്ദങ്ങളിലെയും അണികളിലെയും അശാന്തി അളക്കാൻ സാധ്യമല്ല. പക്ഷേ ഒന്നുറപ്പിക്കാം തൽക്കാലം കാര്യങ്ങൾ ഏതാണ്ട് പിണറായി വിജയന് അനുകൂലമാണ്. പാർട്ടിക്കല്ല.