ചത്തത് കീചകനെങ്കിൽ കൊന്നത് 'മാർക്കോ'!
ബി ടി അനിൽകുമാർ
7 March 2025, 6:52 pm
ഒരു സിറ്റ്വേഷൻ വന്നാൽ ഉണർന്നു പ്രവർത്തിക്കാൻ മലയാളികളെപ്പോലെ ഉത്സാഹം കാട്ടുന്ന മറ്റൊരു ജനവിഭാഗമില്ല. എത്രയോ സന്ദർഭങ്ങളിൽ നമ്മളത് തെളിയിച്ചതാണ്. ഇപ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ലഹരിയും കൊലപാതകങ്ങളുമാണ് ഇപ്പോൾ ട്രെൻഡിംഗിൽ നമ്പർ വൺ. അതുകൊണ്ടു തന്നെ കുറേ നാൾ ഇനി ഇതാവും നമ്മുടെ ലഹരി.
വയനാട്ടിൽ ഉരുൾപൊട്ടൽ വന്ന് 300 ലധികം പേർ കൊല്ലപ്പെടുകയും എത്രയോ അധികം പേർക്ക് അംഗഭംഗം സംഭവിക്കുകയും ഉറ്റവർ നഷ്ടപ്പെടുകയുമൊക്കെ ചെയ്തിട്ട് അധികം ദിവസങ്ങളായിട്ടില്ല. അന്ന്,
ഒന്നുരണ്ടാഴ്ച മാധ്യമങ്ങളിൽ നിറുത്താതെ കരഞ്ഞവരിൽ രാഷ് ട്രീയകക്ഷികളും സാമൂഹിക സാംസ്കാരിക നായകരും സമൂഹ മാധ്യമങ്ങളുൾപ്പെടെ സകലമാന മാധ്യമങ്ങളുമുൾപ്പെടുന്നു. എത്രവേഗമാണ് നമ്മൾ വയനാടിനെ മറന്നത് ! ഇന്നിപ്പോൾ അങ്ങിനെയൊരു സംഭവം വയനാടുണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ പെട്ടെന്നൊരുത്തരം പറയാനാവാത്ത ഡിമൻഷ്യയിലായിക്കഴിഞ്ഞു നമ്മൾ.
കേരളം മയക്കുമരുന്നിന്റെ പിടിയിലായത് ഇന്നോ ഇന്നലെയോ അല്ല.ഇക്കാര്യം സർക്കാരിനും ഔദ്യോഗികസംവിധാനങ്ങൾക്കും പ്രതിപക്ഷത്തിനുമറിയാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പോലീസിനു മറിയാം. റസിഡന്റ് സ് അസോസിയേഷനുകൾക്കും രക്ഷിതാക്കൾക്കുമറിയാം. എങ്കിലും അടുത്തിടെ തുടരെത്തുടരെയുണ്ടായ കൂട്ടക്കുരുതികളും മയക്കുമരുന്നാസ്പദമായ കുറ്റകൃത്യങ്ങളും വാർത്തയായപ്പോൾ പുതുതായെന്തോ സംഭവിച്ചുവെന്ന പ്രതീതിയിൽ ഉണർന്നെണീക്കുകയാണ് സമൂഹവും സർക്കാരും
കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും സമീപം രാസലഹരിവസ്തുക്കളുടെ കച്ചവടക്കാരുണ്ട്.സ്കൂൾ കുട്ടികൾക്കിഷ്ടമാവുന്ന രൂപങ്ങളിലും നിറങ്ങളിലുമൊക്കെയാണ് ഇവ ലഭ്യമാക്കുന്നത്. ക്ലാസ് മുറികൾക്കുള്ളിൽ കൂൾ എന്നറിയപ്പെടുന്ന ഒരു രാസ
ലഹരി വസ്തുവും ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. പാർക്കുകളിലും ബീച്ചുകളിലുമൊക്കെ യൂണിഫോം ധരിച്ച ആൺകുട്ടികളും പെൺകുട്ടികളും പരസ്യമായിരുന്ന് മദ്യപിക്കുകയും അടുത്തിടപഴകുകയുമൊക്കെ ചെയ്യുന്ന കാഴ്ചകൾ പുതുമയല്ലാതായി മാറുന്നു. ഇതിനെതിരേ മിണ്ടിപ്പോയാൽ അധ്യാപകരായാലും നാട്ടുകാരായാലും സദാചാരപോലീസിംഗിന്റെ പേരിൽ ബലിയാടാക്കപ്പെടുകയും ചെയ്യുന്നു.
സിനിമകളാണ് പുതുതലമുറയിൽ അക്രമവാസനയുണർത്തുന്നതെന്ന ചർച്ച സജീവമായുയർന്നു തുടങ്ങി. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മാർക്കോ, ആവേശം തുടങ്ങിയ സിനിമകൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അതിക്രൂരതകളുടെയും പ്രഘോഷണങ്ങളായിരുന്നുവെന്നും ഇത് തെറ്റായ പ്രചോദനം കുട്ടികളിലും യുവാക്കളിലുമെല്ലാമുണ്ടാക്കിയെന്നുമുള്ള വാദത്തിന് സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടുന്നുണ്ട്; അതുതന്നെയാണല്ലോ ഇവയ്ക്കു പിന്നിലെ ലക്ഷ്യവും. കൂടുതൽ അക്രമങ്ങളുണ്ടാവാതിരിക്കാൻ മാർക്കോ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാതിരിക്കാനും തീരുമാനമെടുത്തതായി വാർത്തയുണ്ട്.
അക്രമരംഗങ്ങളും നരഹത്യയും കൂട്ടക്കൊലപാതകങ്ങളും ലഹരിയുംസമാസമം ചേർത്ത വെബ് സീരീസുകൾ ആവശ്യം പോലെ ലഭ്യമാവുമ്പോൾ മാർക്കോ ചെവി കടിച്ചു പറിക്കുന്നതും ജ്വല്ലറി പരസ്യത്തിനെന്നവണ്ണം ആഭരണങ്ങൾ ധരിച്ച രംഗേണ്ണൻ ബാറിലും വീട്ടിലുമിരുന്ന് ഒരു നിയന്ത്രണവുമില്ലാത വെള്ളമടിക്കുന്നതും കാണുമ്പോൾ കോമഡി മാത്രമേ പതിവുകാഴ്ചക്കാർക്ക് തോന്നുകയുള്ളൂ എന്നതാണ് വാസ്തവം.
ഇതിനും പുറമേയാണ് ചെറിയ പ്രായത്തിലേ കുട്ടികളുടെ മനസ്സിൽ നശീകരണ വാസന നിറയ്ക്കുന്ന ഗയിമുകളുംടെ സ്ഥാനം.
ശത്രുവിനെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു എൻടർടയ്ൻമെന്റും ഇത്തരം ഗയിമുകൾ നൽകുന്നുമില്ല. എത്ര വേഗം എത്ര ശുതുക്കളുടെ ടെ കഥകഴിക്കാമെന്നതാണ് ഗയിമുകളിലെ ജേതാക്കളെ നിർണയിക്കുന്നത്.
നമ്മൾ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയ മാതൃകകളും പരിശോധിക്കപ്പെടണം. വൺ ട ത്രീ കൊലപാതകങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും, പ്രതിയോഗികളെ കക്കൂസ് മാലിന്യത്തിൽ കുളിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയുമൊക്കെ ചെയ്യുന്ന നേതാക്കളെ തളളിപ്പറയാനായില്ലെങ്കിൽ അവ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താവും? വെട്ടിയിട്ടും വെട്ടിയിട്ടും കലി തീരാത്ത മട്ടിലുള്ള രാഷ്ട്രീയ കൊലപാതകങ്ങളും ഒഴിവാക്കപ്പെടുക തന്നെ വേണം. ഒരു സംബോധനയാൽപ്പോലും അസഹിഷ്ണുക്കളാകുന്ന നേതാക്കൾ എങ്ങനെയാണ് സഹിഷ്ണുതയുടെ പാഠങ്ങൾ പുതുതലമുറക്ക് പറഞ്ഞു കൊടുക്കുക !
സർക്കാർ തലത്തിൽ മയക്കു മരുന്ന് ഉപയോഗത്തിനെതിരെ വമ്പൻ പ്രചാരണ പരിപാടികൾ ഉടനുണ്ടാവുമെന്നുറപ്പ്. ബോധവത്കരണമെന്ന ബോറടിപ്പിക്കലാവും ആദ്യം. പരമ്പരാഗത പ്രചാരണ പരിപാടികൾ തൊലിപ്പുറത്തു പോലും സ്പർശിക്കാതെ കടന്നു പോവും. യഥാർത്ഥത്തിൽലഹരിക്കെതിരേ ഓരോ വീട്ടിലും ഒരു ബ്രാൻഡ് അംബാസഡറെങ്കിലുമുണ്ടാവുകയാണ് വേണ്ടത്. അതിർത്തികൾ കടന്ന് രാസലഹരി പദാർത്ഥങ്ങൾ നമ്മുടെ വീടുകളിലെത്താതിരിക്കാനും ജാഗ്രതവേണം.
മയക്കുന്നിനടിമയായി തിരുവനന്തപുരത്ത് അച്ഛനെ കൊലചെയ്ത സംഭവത്തിലെ പ്രതിയായ ചെറുപ്പക്കാരൻ തന്റെ മുറിക്കുള്ളിലേക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി രക്ഷകർത്താക്കളെപ്പോലും പ്രവേശിപ്പിക്കാതെ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയുടെ അടുത്ത ബന്ധുക്കളോ നാട്ടുകാർ പോലുമോ ഇക്കാര്യമറിയുന്നത് പ്രതി കൊടുംക്രൂരത നടത്തിയ ശേഷമാണെന്നതാണ് വൈചിത്ര്യം. ദുരഭിമാനം കാരണം മകന്റെ സ്വഭാവ വൈകല്യം പുറത്തു പറയാനോ അവനെ യഥാസമയം ചികിത്സക്ക് വിധേയനാക്കാനോ രക്ഷകർത്താക്കൾ മടിച്ചു.അപ്പോൾ യഥാർത്ഥത്തിൽ ചികിത്സ വേണ്ടത് രക്ഷിതാക്കൾക്കോ കുട്ടികൾക്കോ?
മയക്കുമരുന്ന് വിഷയം ചർച്ച ചെയ്ത സംസ്ഥാന നിയമസഭയിൽ ഒടുവിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് അവർ സഭയ്ക്കകത്തും പുറത്തും പ്രഖ്യാപിക്കുകയും ചെയ്തു. വളരെ നല്ലത്. മദ്യപിക്കാതെയും രാസലഹരിയുപയോഗിക്കാതെയും സഹജീവികളെ കൊല്ലാക്കൊല ചെയ്യാതെയും നേതാക്കളും മക്കളും സ്വാധീനശേഷിയുള്ള മറ്റ് സെലിബ്രിറ്റികളും പുത്തൻ മാതൃക തീർക്കട്ടെ. നമ്മുടെ സാഹിത്യവും സാംസ്കാരിക രംഗവും സിനിമയും ക്ഷ വാസനകൾക്കിന്നാലെ പോകതിരിക്കട്ടെ.
സാമൂഹിക വിപത്തുകൾക്കെതിരേയുള്ള ജാഗ്രത ഒരിക്കലും കെടാതെ സൂക്ഷിക്കാനുമാവട്ടെ.