ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഗാനഗന്ധർവ്വൻ ഹൈജാക്ക് ചെയ്യപ്പെടുന്നോ?
ഡോ. എസ്. ശിവപ്രസാദ്
22 March 2025, 4:38 am
main image of news

സെലിബ്രിറ്റികളെ കൊണ്ട് ജീവിച്ചുപോകുന്ന അഥവാ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തുന്ന കല വ്യവസായമായി മാറിയ നാടാണ് കേരളം. നാട്ടിലാണെങ്കിൽ സെലിബ്രിറ്റികൾക്കൊട്ട് പഞ്ഞവുമില്ല താനും. യേശുദാസ്,വയലാർ, സത്യൻ, പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധവിക്കുട്ടി , വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, പിടി ഉഷ, തുടങ്ങി ഒരേ സമയം മലയാളികളുടെ സ്വകാര്യ അഹങ്കാരവും പൊതു സ്വത്തുമായി മാറിയ പ്രശസ്തരുടെ പട്ടിക പറഞ്ഞാൽ തീരില്ല. ഇവരെ കുറിച്ചിട്ടുള്ള ദൃശ്യ ശ്രവ്യ പരിപാടികൾ മടുപ്പില്ലാതെ കാണുന്നവരുമാണ് മലയാളികൾ. ഇവരുടെ പേരും പ്രശസ്തിയും മുതലെടുത്ത് അതിന്റെ ഓരം പറ്റി ഒരംശം പിടിച്ച് പറ്റാൻ ശ്രമിക്കുന്ന കുതന്ത്രക്കാരും കുറവല്ല. സാധാരണക്കാരല്ലേ ജീവിതമാർഗമല്ലേ എന്ന് കരുതി പലരും ഇവരെ വെറുതെ വിടാറാണ് പതിവ്. എന്നാൽ പേരും പെരുമയും പ്രശസ്തിയും മറ്റ് ജീവിതമാർഗങ്ങളും ഉള്ള ചിലർ പൊതു താൽപര്യം എന്ന പേരിൽ സെലിബ്രിറ്റികളെ പൊതു സമൂഹ സമക്ഷം വലിച്ചിഴയ്ക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പ് കാണാതിരിക്കുന്നത് എങ്ങനെ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന സ്വാമി സച്ചിദാനന്ദയുടെ താല്പര്യത്തെയാണ് ഇപ്പോൾ സമൂഹം വിലങ്ങും തല്ലി ചതക്കുന്നത്.

സെലിബ്രിറ്റികളെ ചേർത്തു നിർത്തിയും കൊത്തിപ്പറിച്ചും കാര്യം നേടുന്ന കൂട്ടരുടെ പട്ടികയിൽ സച്ചിദാനന്ദ സ്വയം നടന്നു കയറിയതല്ല എന്ന് ചിന്തിക്കുന്ന കേരളീയരാണ് അധികവും. ഒരേ സമയം സ്വകാര്യ അഹങ്കാരവും പൊതു സ്വത്തും എന്ന നൂൽ പാലത്തിലൂടെയാണ് വിശിഷ്ട വ്യക്തിത്വങ്ങൾ കടന്നു പോകുന്നത്. നാടിനെയും നാട്ടാരെയും നോവിക്കാതെ ഒന്നായി കാണാൻ മാത്രം ആഗ്രഹിച്ചതു കൂടി കൊണ്ടാണല്ലോ സെലിബ്രിറ്റികളിൽ ചിലർ പൊതുസ്വത്തായി മാറിയത്. സെലിബ്രിറ്റികളുടെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഇറക്കാനും വയ്യ തുപ്പാനും വയ്യാത്ത അവസ്ഥയിൽ അവരെ കൊണ്ടു ചെന്നെത്തിക്കും. അത്തരം ഒരു അവസ്ഥയിലാണ് ഗാനഗന്ധർവ്വൻ യേശുദാസ് ഇപ്പോൾ. കയറി ചുറ്റിയിരിക്കുകയാണ് സ്വാമി സച്ചിദാനന്ദ.

 image 2 of news
ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം

ഭഗവാനിലും വലുതല്ല ഭക്തർ; ആനയിച്ച് കൊണ്ടുവരേണ്ടവരല്ല, അറിഞ്ഞ് വരേണ്ടവരാണ്.

സ്വകാര്യ അഹങ്കാരത്തെ അതായത് സെലിബ്രിറ്റികളെ പൊതുമധ്യത്തിലിട്ട് അലക്കുക എന്നിട്ട് കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ഗുരുവായൂർ അമ്പലത്തിലേക്ക് താൻ എത്തുന്നു എന്ന് യേശുദാസോ അമ്പലത്തിനുള്ളിലേക്ക് യേശുദാസിനെ കയറ്റാൻ കഴിയില്ല എന്ന് ഗുരുവായൂർ ദേവസ്വമോ പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഇല്ലാത്ത ഒരു കാര്യത്തെ ചൊല്ലിയുള്ള പ്രക്ഷോഭത്തിന്റെ പിന്നിൽ എന്ത് സാമൂഹ്യ പരിഷ്കാര പ്രയത്നമാണ് ഉള്ളത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.
ഭഗവാനിലുമേറെ വളർന്ന ഭക്തനായി യേശുദാസിനെ വ്യാഖ്യാനിച്ച് പ്രതാപിയായ ആ ഭക്തനെ ഭഗവാന്റെ മുന്നിലെത്തിക്കാൻ പാടുപെടുകയാണ് സ്വാമി സച്ചിദാനന്ദ. ഒരു ഭക്തനെയും ആനയിച്ചു കൊണ്ടുവന്ന് ഭഗവത് സന്നിധിയിൽ എത്തിക്കേണ്ട ബാധ്യത ആർക്കുമില്ല. ആനയിച്ച് കൊണ്ടുവന്നിരുത്താൻ ദൈവത്തിലും വലുതല്ലല്ലോ
ഭക്തർ. കയറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞോ. പറയാത്ത കാര്യത്തിന്മേൽ എന്തിന് ഈ ബഹളം. അതും ഒരു സന്യാസി ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്ന ഒരാളിന്റെ ഭാഗത്തുനിന്ന്. അതാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.
ആഗ്രഹം യേശുദാസിനും ഏത് പാവപ്പെട്ടവനും ഒരു പോലെയേ ഉള്ളൂ. കൂടൽ മാണിക്യത്തിലെ കഴകക്കാരൻ തസ്തികയിലേക്ക് നിയമനം ലഭിച്ച സാധാരണക്കാരൻ പോലും തൽപര കക്ഷികളുടെ വലയിൽ വീണില്ല. എന്താണ് സംഭവിച്ചത് എന്ന് കഴകക്കാരനായി നിയമനം ലഭിച്ച ആ പാവം മനുഷ്യൻ പൊതുജന സമക്ഷം വിളിച്ചുപറഞ്ഞു, അതാണ് ശരി. ആ വഴിയാണ് യേശുദാസും സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ യേശുദാസനിലെ കൃഷ്ണഭക്തനെ മറ്റുചില നിക്ഷിപ്ത താല്പര്യക്കാർ എടുത്ത് ഉപയോഗിക്കും.
HomeAd1
 image 3 of news
പദ്മഭൂഷൺ കെ. ജെ യേശുദാസ്

സെലിബ്രിറ്റികളുടെ പേരുപയോഗിച്ച് സമൂഹത്തിൽ വേർതിരിവാണോ ലക്ഷ്യം

എല്ലാ മത ദേവാലയങ്ങളിലും എല്ലാവരെയും എപ്പോഴും കയറ്റണം എന്നാണ് ഈയുള്ളവന്റെ നിലപാട്. എന്തിന് യേശുദാസിന് മാത്രമായി നിയന്ത്രിക്കപ്പെടണം. അത് അനുവദിക്കപ്പെട്ടില്ലെങ്കിൽ പ്രക്ഷോഭം എന്ന നിലപാട് സംശയാസ്പദമാകും. നിയമവാഴ്ചയുള്ള നാടല്ലേ ഇത്. വിപ്ലവകരമായ ആചാര മാറ്റങ്ങൾ ആദ്യം നടത്തേണ്ടത് അതാത് മതസ്ഥാപനങ്ങളുടെ
ആരാധനാലയങ്ങളിലാണ്.
ഹിന്ദുമത വിശ്വാസിയാണ് എന്ന് ഒരു വെള്ളക്കീറ് പേപ്പറിൽ എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നത്തെ പുണ്ണാക്കി മാറ്റാൻ ശ്രമിക്കുന്ന മനുഷ്യൻ എന്ന രീതിയിൽ അറിയപ്പെടേണ്ട ആളല്ല സ്വാമി സച്ചിദാനന്ദ. യേശുദാസ് എന്നല്ല ഒരു ഭക്തനെയും കെട്ടിയെഴുന്നള്ളിക്കേണ്ട ഒരിടമല്ല ആരാധനാലയങ്ങൾ. പിന്നെ ആർക്കാണ് ഇത്ര ധൃതിയും ആവശ്യവും. യേശുദാസ് സ്വയം മുന്നോട്ട് വരട്ടെ. എന്നിട്ട് ദേവസ്വം നിരാകരിക്കുകയാണെങ്കിൽ അതല്ലേ ഉചിതമായ സമയം.
വിശ്വാസമൊന്നും ഇല്ലെങ്കിലെന്ത് നമ്മുടെ മുഖ്യമന്ത്രി പോലും ശബരിമല ചവിട്ടിയിട്ടില്ലേ. ഗുരുവായൂരും സന്ദർശിച്ചിട്ടില്ലേ. ആ വിളക്ക് കാണുന്നിടത്താണോ ഭഗവാൻ എന്ന് ചോദിച്ചിട്ടില്ലേ. ഇക്കുറിയും മകരവിളക്ക് സമയത്ത് ദേവസ്വം മന്ത്രി എത്ര അച്ചടക്കത്തോടെയാണ് ശബരിമല ശാസ്താവിന് മുന്നിൽ മനസ്സുകൊണ്ട് പ്രണമിച്ച് നിന്നത്.
പൊടിപ്പും തൊങ്ങലും വച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സെലിബ്രിറ്റികളെ കുറിച്ച് കേരളത്തിൽ എത്രയോ വാഴ്ത്തുപാട്ടുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവരെ ഉപയോഗിച്ച് സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നാം തിരിച്ചറിയണം. സെലിബ്രിറ്റികളുടെ പേരിൽ കാട്ടി കൂട്ടുന്ന ഇത്തരം ചെപ്പടി വിദ്യകളെ എതിർത്ത് സെലിബ്രിറ്റികൾമുന്നോട്ട് വരണം. ഇല്ലെങ്കിൽ സമൂഹം തമ്മിലടിക്കും. അതുണ്ടായിക്കൂടാ. സെലിബ്രിറ്റികൾ നിലപാട് വ്യക്തമാക്കണം. പക്വമതിയ ഒരു സന്യാസ ശ്രേഷ്ഠനിൽ നിന്ന് ഇത്തരത്തിലാണ് പെരുമാറ്റമെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ. ഹിന്ദുവും കൂടിയാണ് ഞാൻ എന്ന് യേശുദാസ് ഒരു പത്രത്തിൽ പണ്ട് പരസ്യം ചെയ്തിരുന്നു എന്ന് കേൾക്കുന്നുണ്ട്. അത് മതിയാകില്ലേ ഗുരുവായൂരിൽ കയറാൻ. ഇല്ലെങ്കിൽ പോലും ഹിന്ദുവാകാൻ പ്രത്യേക ചടങ്ങുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഗുരുവായൂർ അമ്പലത്തിൽ ചെന്ന് ഒരു സത്യവാങ്മൂലം എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇതൊന്നുമില്ലാതെ സ്വീകരിച്ചു കൊണ്ടു വന്നിരിക്കണം എന്നു പറയുന്നിടത്താണ് പ്രശ്നം.
.

 image 4 of news
സ്വാമി സച്ചിദാനന്ദ

1965 ൽ ഓർഡിനൻസ് ആയി വരികയും 1968 ലെ ഇഎംഎസ് സർക്കാർ പാസാക്കിയ ടെമ്പിൾ എൻട്രി ആക്ടും ഈ നിയമത്തിന്റെ ചട്ടങ്ങളിൽ ആർക്കൊക്കെ കയറാൻ കയറിക്കൂടാ എന്ന് പറയുന്നുണ്ട്. അതിലേക്ക് പോലും ഈ വിഷയം എത്തിപ്പെടുന്നില്ല എന്നതാണ് സത്യം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറണമെന്ന് ആവശ്യപ്പെട്ട ശേഷം നാളിതുവരെ യേശുദാസ് എന്തുകൊണ്ട് അങ്ങോട്ടേക്ക് എത്തിയില്ല എന്ന ചോദ്യവും പ്രസക്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. അതുകൊണ്ടാണ് യേശുദാസ് മൗനം വെടിയണം എന്ന അഭിപ്രായങ്ങൾ പൊതുസമൂഹത്തിൽ ഉയരുന്നത്. വായുവിൽ നിന്ന് ഭസ്മം എടുക്കുന്ന കൺകെട്ട് വിദ്യയെ തോൽപ്പിക്കും മാതിരി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇല്ലാത്ത ഒരു വിഷയം ഉണ്ടെന്ന് സങ്കൽപ്പിച്ച് അത് ഉയർത്തിക്കാട്ടി കൊടിപിടിക്കാൻ ഒരുങ്ങുന്ന സന്യാസി ശ്രേഷ്ഠനെ ജനം സംശയദൃഷ്ടിയോടെ നോക്കിക്കാണും. തർക്കമില്ല. കേരള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന് കയറാൻ കഴിയുമെങ്കിൽ പിന്നെ യേശുദാസിന് എന്തെങ്കിലും അയിത്തം ഉണ്ടാകാൻ ഇടയുണ്ടോ. പിന്നെന്തിന് ഈ കോലാഹലം പ്രക്ഷോഭം എന്ന പേരിൽ ആ കോലാഹലത്തിന് കൊടി പിടിക്കാൻ എന്തിനൊരു സന്യാസ ശ്രേഷ്ഠൻ. കാലം എല്ലാം കാണട്ടെ. മനസ്സിലാക്കട്ടെ, മറുപടി നൽകട്ടെ

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞