വിനാശകാലേ...
മോഹൻ കെ കൃഷ്ണൻ
30 March 2025, 4:21 am
ദുരഭിമാനം, ഈഗോ,മുഷ്ക്;ആശമാരുടെ സമരത്തോടുള്ള ഭരണാസുരന്മാരുടെ വെറിക്കു നിദാനം ഇവയാണ്. ആയിരം രൂപ വർദ്ധിപ്പിച്ച് തൊഴിലാളി സ്നേഹത്തിന്റെ സാർവ്വ ദേശീയതയുടെ ഭജനപാടി അരങ്ങു പിടിക്കുന്നതിനു പകരം ചൊറിഞ്ഞു വ്രണമാക്കി,അത്ര തന്നെ. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരുടെ അവയ്ലബിൾ സിറ്റിംഗുകൾ !എലിയെ പേടിച്ച് ഇല്ലം ചുടുന്ന പയങ്കരന്മാർ.
ആശമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും ആയിരവും രണ്ടായിരവും നൽകാനുള്ള തീരുമാനങ്ങളിലും ഒടുവിൽ ഉടക്കുവയ്ക്കുകയാണ് ഈ മന്തന്മാർ.
പാവപ്പെട്ടവരുടെ അത്താഴവും മുത്താഴവും വലിച്ചു തോട്ടിലെറിയുകയാണ് ഈ സാമുഹിക ദ്രോഹികൾ..ആശമാർ തദ്ദേശത്തിനു കീഴിൽ വരില്ലെന്നും തനതു ഫണ്ട് ഇതിനായി വിനിയോഗിക്കാൻ കഴിയില്ലെന്നും വിനിയോഗിച്ചാൽ ചെറുക്കും എന്നുമാണ് പാർട്ടി പത്രം വലിയ വായിൽ ഗവേഷിക്കുന്നത്. അനുമതി നൽകിയാൽ പഞ്ചായത്ത് സെക്രട്ടറിമാർ വിവരമറിയും എന്ന ഭീഷണിയും സഖാക്കളായ സെക്രട്ടറിമാർക്കുള്ള ഈ നിർദ്ദേശ, ഭീഷണി സർക്കുലറിൽ പാർട്ടി ഗസറ്റ് പ്രഖ്യാപിക്കുന്നു. വാർത്തയുടെ വർണക്കടലാസിലാണ് ഈ വിഷം വിളമ്പുന്നത്.
പരിഹാരത്തിനു പണത്തിന്റെ കുറവല്ല മറിച്ചു കഴപ്പിന്റയും സ്വയം കൃതാനാർത്ഥം തകർത്ത, വില കൊടുത്തു വാങ്ങുന്ന അഹങ്കാരത്തിന്റെയും ശക്തമായ സൂചനയാണ്. പാവപ്പെട്ടവർക്കു പണി കൊടുത്തു സമരം തകർക്കുന്ന തമോ വൈകൃതങ്ങൾ ചുവപ്പണിയുകയാണ് ഇവിടെ.
ഇതു സുവ്യക്തമാണ്.സമരം ജയിച്ചാലും തോറ്റാലും,ആണ്ട ബാധ കൊണ്ടേ പോകു എന്ന ആർക്കും അറിയാം. മുട്ടൻ പണി വരുന്നത് സർക്കാരിനാണ്. പിടിച്ചു നിൽക്കണമെങ്കിൽ ഊഹാൻ മാർക്കറ്റിൽ നിന്നും കൊറോണയെ ഒന്നുകൂടി കെട്ടിയിറക്കുക തന്നെ വേണം.
സമര വിരോധികളുടെ ശിബിരങ്ങളിൽ പാർട്ടിയിലെ വിഭാഗീയതയുടെ കത്തി എരിയുന്ന കനലുകളും കാണാം.അന്തർധാര സജീവമാണല്ലോ.വിജയനെ ഒതുക്കാനുള്ള പാർട്ടിയിലെ വിഭാഗിയതയുടെ ബ്രയിൻ ചൈൽഡാണോ ഇതെന്നും നിശ്ചയമായും സംശയിക്കാം. .ഉപദേശിച്ചു ഉപദേശിച്ചു നശിപ്പിക്കുക എന്നത് പഴയ രാജ തന്ത്രമാണ്. വിവേകവും വിനയവും പുലർത്തുന്നതിനു പകരം ഗുണ്ടാ എലമെന്റുകൾ നിറഞ്ഞ അടവും തന്ത്റവും കാലം ചെയ്തത് ഈ വൈതാളികർ അറിഞ്ഞില്ലെന്നു വരുമോ?
പാർട്ടിക്ക് ഒരുകാലത്തും ഭീഷണിയാകാത്ത സ്വത്വങ്ങളോട് കുരിശു കണ്ട ചെകുത്താനെ പോലെ എന്തിനാണ് കുഞ്ഞേ വിറകൊള്ളുന്നത്.കാഹരണപ്പെട്ട ഉരുപ്പടികൾ നിലനിൽപ്പിനായി നെറിയും പ്രായവും കാലവും നോക്കാതെ നടത്തുന്ന വദനാതിസാരം പ്രമാണമാക്കിയാൽ പ്രിയ സഖാവെ, അത് ആരംഭമാണ് അവസാനത്തിന്റെ ആരംഭം.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..