ഇതു പൂഴിക്കടകൻ
മോഹൻ കെ കൃഷ്ണൻ
4 April 2025, 5:37 am
മണ്ണുവാരി കണ്ണിലെറിഞ്ഞു ആശമാരെ കീഴ്പ്പെടുത്താൻ ഉള്ള ട്രേഡുയൂണിയൻ കങ്കാണിമാരുടെ തരികിടകളായിരുന്നു ഇന്നലത്ത ഒത്തു തീർപ്പു ചർച്ചകളുടെ കാതൽ. കളമരവും മന്ത്രിണിയും സംയുക്തമായി സ്പോൺസർ ചെയ്ത തിരനാടകം. സമരം ചെയ്യാത്ത ഇതര യൂണിയനുകൾ ഈ തരികിടക്കു കാവൽ നിൽക്കുകയും ചെയ്തു.
ഇവ്വിധമാണോ ആശാ സമരം കൈകാര്യം ചെയ്യേണ്ടതെന്നു പാർട്ടി കോൺഗ്രസിലെ പൊതു ചർച്ചയിൽ ആന്ധ്രയിൽ നിന്നുള്ള വനിതാ പ്രതിനിധി ചോദിക്കുമ്പോൾ അതു ഈ സമരത്തിന്റെ പ്രാധാന്യവും എരണം കെട്ടവന്മാരുടെ കുറ്റകരമായ നിസംഗതയെയും അടയാളപ്പെടുത്തുന്നതാണ്.
ഈ സമരങ്ങൾ ഇക്കാലത്തു ജീവിക്കാനുള്ള പോരാട്ടങ്ങൾ കൂടിയായി മാറുന്നുണ്ട്. ഈ ചെറുത്തു നില്പ്പുകൾ പരാജയപ്പട്ടാൽ ജനങ്ങളാണ് അന്തിമമായി തോൽപ്പിക്കപ്പെടുന്നത്
ആശമാരുടെ സംഘടനക്കു ട്രേഡു യൂണിയൻ സ്വഭാവമില്ലന്നാണ് പ്രമുഖന്റെ പരിദേവനം.മുതലാളിമാരുടെ മടിത്തട്ടിൽ ഇരുന്നു സമരങ്ങളുടെ ഒത്തുതീർപ്പുകൾ തയ്യാറാക്കുന്ന, തൊളിലാളി ദ്രോഹത്തിൽ ഡോക്ടറേറ്റുള്ള ദേഹമാണിതു തട്ടി വിടുന്നത്. അതെ ,Brutus,you are an honorable man....
അണ്ണന്മാരുടെയും അക്കച്ചിമാരുടെയും ശാരീരിക ക്ഷമതക്കും സൗഖ്യത്തിനും പൊതുഖജനാവ് ഊറ്റുന്ന ഈ എന്തിരന്മാർ,മന്ത്രിമന്ദിരങ്ങളിൽ വച്ചുവിളമ്പാൻ മുടിക്കുന്നതിന്റെ ഒരംശം മാറ്റിയാൽ തീരാവുന്ന വിഷയ പഠിക്കാൻ കമ്മിറ്റി ആകാമെന്നത് പറ്റിപ്പിന്റെ സൂത്രമാണ് .എന്തൊരു ദുരന്തന്മാരാണിവർ.!
തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലൻ മാരായി സ്വയം വാഴ്ത്തുന്ന ഈ നശൂലങ്ങളാണ് സ്ത്രീ തൊഴിലാളികളെ തെരുവിൽ തളച്ചിരിക്കുന്നത്. തൊഴിലാളി ക്ഷേമത്തിന്റെ പുതിയ പോർമുഖങ്ങൾ തുറക്കാൻ കോർപ്പറേറ്റുകളുടെ അച്ചാരവും കൈപ്പറ്റി കോടികൾ പൊടിച്ചു നടത്തുന്ന ഏസി ദർബാറുകളിൽ മുഖം താഴ്ത്തുന്നവർ ആയിരക്കണക്കിനു ജീവിതങ്ങളിൽ മണ്ണുവാരിയിട്ടു കൊണ്ടാണ് ഈ വേനൽക്കാല ടൂറിസ്റ്റു വിനോദത്തിൽ മുഴുകുന്നതെന്നു മറക്കരുത്.അനീതിക്കെതിരെ ധർമ്മാഗ്നി കൊണ്ട് മധുരയെ ചാരമാക്കിയ സ്ത്രീത്വത്തിന്റെ ,കണ്ണകിയുടെ നാട്ടിൽ നിന്നാണ് ഈ ഗീർവാണങ്ങളെന്നും മറക്കാതിരിക്കട്ടെ!
Keywords:
Recent in Analysis
Must Read
Latest News
In News for a while now..