പാകിസ്താൻ്റെ
വെള്ളം കുടി മുട്ടുമോ..!
എൻ.എസ്. അനിൽകുമാർ
25 April 2025, 7:38 am
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് തീവ്രവാദികൾ 26 ഭാരതീയരെ വെടി വെച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് പാകിസ്താന് മേൽ ഇന്ത്യ കടുത്ത നയതന്ത്ര നടപടികൾ പ്രഖ്യാപിച്ചിരുന്നു. അതിൽ സിന്ധു നദീജല കരാർ റദ്ദാക്കുമെന്ന തീരുമാനം വ്യാഴാഴ്ച ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചു. ജല ശക്തി മന്ത്രാലയത്തിലെ സെക്രട്ടറി ദേബശ്രീ മുഖർജി ഇക്കാര്യം അറിയിച്ച് പാകിസ്താൻ ജലവിഭവ സെക്രട്ടറി മുർതജക്ക് കത്തെഴുതി. നല്ല ബന്ധങ്ങളില്ലാത്ത സ്ഥിതിക്ക് കരാറിന് പ്രസക്തി നഷ്ടപ്പെട്ടു എന്ന് കത്തിൽ വ്യക്തമാക്കുന്നു.
എന്താണ് സിന്ധു നദീജല ഉടമ്പടി..?
ഇന്ത്യ-പാക് വിഭജനത്തിന് മുമ്പേ പാകിസ്താനിലെ സിന്ധ് പ്രവിശ്യയും ഇന്ത്യയിലെ പഞ്ചാബും തമ്മിൽ നദീജലം പങ്കിടുന്നതിൽ തർക്കങ്ങൾ തുടങ്ങിയിരുന്നു.1947 ൽ ഇന്ത്യ-പാക് എഞ്ചിനീയർമാർ തമ്മിൽ ഒരു കരാർ ഉണ്ടാക്കി. അത് പ്രകാരം പ്രധാന കനാലുകൾ വഴി പാകിസ്താന് ജലം ലഭിച്ചു കൊണ്ടിരുന്നു.1948 മാർച്ച് 31 വരെ ആയിരുന്നു കരാർ കാലാവധി. കരാർ അവസാനിച്ച ഏപ്രിൽ ഒന്നാം തീയതി ഭാരതം ജലവിതരണം നിർത്തി വെച്ചു. ഇതേ തുടർന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 17 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ച് ഭാരതം ജലവിതരണം പുനരാരംഭിച്ചു.1951 മുതൽ ലോക ബാങ്കിൻ്റെ മദ്ധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നദീജലം പങ്കിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 1960
സെപ്റ്റംബർ 19 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച കരാറാണ് സിന്ധു നദീജല ഉടമ്പടി. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കറാച്ചിയിൽ ഒപ്പുവച്ച ഈ കരാറിലൂടെ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളായ രവി, ബിയാസ്, സത്‌ലജ്, ഝലം ചെനാബ് എന്നിവയുടെയും ജലവിതരണം നിർണ്ണയിക്കപ്പെടുന്നു.
കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ ഇന്ത്യയ്ക്ക് "അനിയന്ത്രിത ഉപയോഗം" സാദ്ധ്യമാണ്, അതേ സമയം പാകിസ്ഥാന് സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറൻ നദികളിലെ ജലവും ഉപയോഗിക്കാം. ചില ഉപഭോഗേതര, കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കും ജലവൈദ്യുത ഉൽപ്പാദനത്തിനും പടിഞ്ഞാറൻ നദികളിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാൻ കരാർ ന്യൂഡൽഹിയെ അനുവദിക്കുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഉടമ്പടിയുടെ ആർട്ടിക്കിൾ III (4) പ്രകാരം കരാർ വ്യവസ്ഥകൾ അനുവദിക്കുന്നവ ഒഴികെ, ഇന്ത്യ "പടിഞ്ഞാറൻ നദികളിലെ വെള്ളം സംഭരിക്കുകയോ അവയിൽ ഏതെങ്കിലും സംഭരണ പ്രവർത്തനങ്ങൾ നിർമ്മിക്കുകയോ ചെയ്യരുത്" എന്ന് പറയുന്നുണ്ട്.
സിന്ധു നദീജല കരാറിൽ ഒപ്പ് വയ്ക്കുന്ന ജവഹർ ലാൽ നെഹ്റുവും പാക് പ്രധാനമന്ത്രി അയൂബ് ഖാനും
കരാർ മരവിപ്പിക്കൽ പാകിസ്താനെ എപ്രകാരം ബാധിക്കും.
പാകിസ്ഥാനിലെ കൃഷിയുടെ ഏകദേശം 80 ശതമാനവും
സിന്ധു നദിയെയും അതിന്റെ പോഷക നദികളെയും ആശ്രയിച്ചിരിക്കുന്നു. കരാർ
താൽക്കാലികമായി നിർത്തുന്നതിലൂടെ, ഇന്ത്യ പ്രതിവർഷം 39 ബില്യൺ ക്യുബിക് മീറ്റർ വെള്ളത്തിന്റെ ഒഴുക്ക് ഫലപ്രദമായി നിർത്തുകയാണ്.ഇത് അയൽരാജ്യത്തിന്റെ ജലലഭ്യതയ്ക്ക് വൻ ഭീഷണി ഉയർത്തുന്നതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ജലവിതരണത്തിലെ തടസ്സം പാകിസ്ഥാന്റെ കൃഷിയെ മാത്രമല്ല, വ്യാപാരം, തൊഴിൽ, ഭക്ഷ്യവില എന്നിവയെയും ബാധിക്കും. ജലക്ഷാമം മൂലം തുണിത്തരങ്ങൾ, പഞ്ചസാര, തുടങ്ങിയ വ്യവസായങ്ങളെ ബാധിക്കുകയും, കയറ്റുമതി കുറയ്ക്കുകയും പാകിസ്ഥാന്റെ സാമ്പത്തിക നില വഷളാക്കുകയും ചെയ്യും.
കാരണം, സിന്ധു നദിയും അതിന്റെ പോഷകനദികളും പാകിസ്ഥാന്റെ ഊർജ്ജ വ്യവസായത്തിന്റെ നട്ടെല്ലാണ്, മൊത്തം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഏകദേശം 30 ശതമാനത്തോളം വരുന്ന തർബേല, മംഗ്ല തുടങ്ങിയ ജലവൈദ്യുത അണക്കെട്ടുകൾക്ക് വൈദ്യുതി നൽകുന്നു. ജലപ്രവാഹത്തിലെ തടസ്സം വൈദ്യുതി ഉൽപാദനത്തെ ബാധിക്കും, വിശകലന വിദഗ്ധർ പ്രവചിക്കുന്നത് ഇത് ദിവസേന 16 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വ്യാപകമായ വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാകുമെന്നാണ്.
പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം തടയാൻ കഴിയുമോ..?
സിന്ധു നദീജല കരാർ ഒരു സ്ഥിരം ഉടമ്പടിയാണ്. തന്നിഷ്ട പ്രകാരം ഒരു രാജ്യത്തിന് കരാർ റദ്ദാക്കാൻ കഴിയില്ല. പരസ്പര സമ്മതത്തോടെ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയൂ. അതിനാലാണ് ഇന്ത്യ താത്ക്കാലികമായി കരാർ നിർത്തി വച്ചത്.
“ ഇന്ത്യക്കെതിരെ പാകിസ്താൻ തീവ്രവാദി ഗ്രൂപ്പുകളെ ഉപയോഗിക്കുന്നു എന്ന കാരണം
കാണിച്ച്, വിയന്ന ഉടമ്പടിയുടെ Law of treaties അനുഛേദം 62 പ്രകാരം ഇന്ത്യക്ക് കരാറിൽ നിന്ന് പിൻമാറാൻ കഴിയും. നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുകയാണെങ്കിൽ ഏത് കരാറും റദ്ദാക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര കോടതിയും പറഞ്ഞിട്ടുണ്ട്.”
നയതന്ത്ര വിദഗ്ധൻ ബ്രഹ്മ ചെല്ലാനി പറയുന്നു.
പാകിസ്താൻ്റെ ഭാഗമായ പടിഞ്ഞാറൻ നദികളായ ഝലം, ചെനാബ് നദികളിൽ ഭാരതം വൻ അണക്കെട്ടുകളുടെ നിർമ്മാണം നടത്തി വരുന്നു. ചെനാബ് നദിയിൽ ബഗലീഹാർ ഡാം, രത്‌ലേ പദ്ധതി; ചെനാബിൻ്റെ ഉപനദിയായ മാരുസൂദറിൽ പാക്കൽ ഡുൽ പദ്ധതി, ഝലം നദിയുടെ പോഷകനദിയായ നീലം നദിയിൽ കിഷൻഗംഗ പ്രോജക്ട് എന്നിവ പൂർത്തിയാകുന്നതോടെ പാകിസ്താനിലേക്കുള്ള ജലത്തിൻ്റെ ഒഴുക്ക് ഗണ്യമായി കുറയും. ഇവയിൽ ബഗലീഹാർ, കിഷൻഗംഗ പ്രോജക്ടുകളുടെ പണികൾ പുരോഗമിക്കുന്നു.
സിന്ധു നദീജല കരാറിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങിയാൽ ഈ ഡാമുകളുടേയും പദ്ധതികളുടേയും സഹായത്താൽ ഭാരതത്തിന്
പടിഞ്ഞാറൻ നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ കഴിയും.
ചെനാബ് നദിയിൽ ഭാരതം നിർമ്മിക്കുന്ന അണക്കെട്ട്
ഇന്ത്യ-പാക് യുദ്ധങ്ങൾ നടന്നപ്പോൾ എന്ത് കൊണ്ട് ഈ നടപടി സ്വീകരിച്ചില്ല..!
സിന്ധു നദീജല ഉടമ്പടി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ചു,1965,
1971,1999 കാർഗിൽ എന്നിവ.
എന്നിട്ടും ഈ കരാറിൽ നിന്ന് പിന്നോട്ട് പോകാത്തതിൻ്റെ കാരണം, ഇത് ഒരു Transboundary water treaty ആയതിനാലാണ്. യുദ്ധ സമയത്ത് ജലത്തെ ആയുധമായി ഉപയോഗിക്കാൻ പാടില്ലെന്ന് ഇത് വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും,
2019 ൽ, 40 CRPF ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ആക്രമണത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയോട് "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല" എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതായത്, സിന്ധു നദീജല കരാറിൽ നിന്ന് പിൻവാങ്ങേണ്ടത് അനിവാര്യമാണെന്ന് നരേന്ദ്ര മോദി അന്നേ തിരിച്ചറിഞ്ഞിരുന്നു. പഹൽഗാമിൽ നിരപരാധികളായ ഹിന്ദു പുരുഷൻമാരെ വെടിവച്ച് കൊലപ്പെടുത്തിയതിലൂടെ പാകിസ്താന് കടുത്ത ശിക്ഷ നൽകണമെന്ന രാജ്യത്തിൻ്റെ ആവശ്യം അംഗീകരിച്ചാണ് ഇക്കുറി നരേന്ദ്ര മോദി കടുംകൈ പ്രയോഗത്തിന് തയ്യാറായത്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..