ⓘ WEBSITE UNDER TESTING

NewsAd1
ഹേമാ കമ്മിറ്റി എന്ന സൂത്രപ്പണി ആരെ സംരക്ഷിക്കാൻ?
ബി ടി അനിൽ കുമാർ
23 August 2024, 10:57 am
main image of news

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ എന്ന പേരിൽ 2011 ൽ ഇടതു സർക്കാർ രൂപവത്കരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആവലാതിക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള വെറും പ്രഹസനമായിരുന്നുവെന്ന വാദം ശക്തമാവുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സർക്കാർ നൽകിയ മറുപടി ഈ വാദത്തിന് അടിവരയിടുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട: ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി സർക്കാർ 'കമ്മിറ്റി' രൂപീകരിച്ചത്. എന്നാൽ ഒരു ജുഡീഷ്യൽ കമ്മിഷൻ എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് ജസ്റ്റിസ് ഹേമയെ അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വളരെ കാര്യക്ഷമമായാണ് കമ്മിറ്റി പ്രവർത്തിച്ചത്. 51 സ്ത്രീകളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ശബ്ദ സന്ദേശങ്ങൾ വാട്ട്സ് ആപ്പ് ചാറ്റുകൾ, ടms സന്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
289 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31 ന് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് അന്നു തന്നെ ആവശ്യമുയർന്നെങ്കിലും സർക്കാർ അത് കേട്ടതായി ഭാവിച്ചില്ല. റിപ്പോർട്ട് വായിച്ചു നോക്കുകയോ ഞെട്ടുകയോ ചെയ്തില്ല. അതിലെ ശുപാർശകൾ നടപ്പാക്കാൻ നാലര വർഷം ഒരു ചെറുവിരൽ പോലുമനക്കിയില്ല.
റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ ഹർജി വരികയും ഉള്ളടക്കം പുറത്തുവിടണമെന്ന ആവശ്യം സജീവമാവുകയും ചെയ്യുന്നതിനിടെ 2020 ഫെബ്രുവരി 19 ന് ജസ്റ്റിസ് ഹേമ, റിപ്പോർട്ടു പ്രസിദ്ധപ്പെടുത്തരുതെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകി. സർക്കാർ ആഗ്രഹിച്ചതാണിത്. ഒരു പക്ഷേ ആവശ്യപ്പെട്ടതുമാവാമിതെന്നാണ് ഇപ്പോഴുയരുന്ന സംശയം. ഇതിന്റെ ബലത്തിൽ സർക്കാർ റിപ്പോർട്ട് 'സ്വകാര്യ'മായി ഫ്രീസറിൽ വച്ചു. റിപ്പാർട്ടിൽ പറഞ്ഞ പവർ ഗ്രൂപ്പിന്റെ താത്പര്യ സംരക്ഷണമല്ലാതെ മറ്റൊന്നും ശേഷമുള്ള കാലയളവിൽ നടന്നതുമില്ല.

 image 2 of news

എന്നാൽ വിവരാവകാശനിയമത്തിന്റെ അന്ത:സ്സത്തയുൾക്കൊണ്ട് കമ്മിഷൻ അംഗമായ ഡോ അബ്ദുൾ ഹക്കിം പിന്നീടെടുത്ത നിർണ്ണായക തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു ഹക്കിമിന്റെ ഉത്തരവ്. ഇതേത്തുടർന്നാണ് വൈകിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടത്.

ജസ്റ്റിന് ഹേമ കത്തു നൽകിയതിനാലാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് മുഖ്യമ ആവർത്തിച്ചു പറയുന്നു. സ്വകാര്യതയെ ബാധിക്കുമത്രേ!എന്നാൽ മൊഴി കൊടുത്ത ഇരകളായ സ്ത്രീകളുടെ സ്വകാര്യതയ്ക്കപ്പുറത്ത് വേട്ടക്കാരുടെ സ്വകാര്യതയായിരുന്നു സർക്കാരിന്റെ മുഖ്യപരിഗണനയെന്ന് തോന്നിപ്പോവുന്നു.
'ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല.
റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്.
ആയതിനാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.' മുഖ്യമന്ത്രി പറയുന്നു.എന്തു തോന്ന്യാസമാണെന്ന് നോക്കൂ
റിപ്പോർട്ടു കിട്ടി ഒന്നര മാസം കഴിഞ്ഞ് ഹേമ കത്തു നൽകിയതിനാലാണ് ഉള്ളടക്കം പുറത്തുവിടാത്തതെന്ന്. ആ ഒന്നരമാസം സാംസ്കാരിക വകുപ്പും സർക്കാരും എന്തു ചെയ്യുകയായിരുന്നുവെന്ന് മുഖ്യന് മിണ്ടാട്ടമില്ല.എന്നിട്ടും വാചകമടി ഇങ്ങനെ:
"സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
ഇനിയും ചെയ്യും..."
എന്ത് മഹാ കാര്യം ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്?
റിപ്പോര്‍ട്ട് വാങ്ങിയിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലല്ലോ?
"റിപ്പോർട്ടിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല...." അതുകൊണ്ടാണ് റിപ്പോർട്ട് ചോദിച്ച് വാങ്ങിയിട്ടും പോലീസ് നടപടിയെടുക്കാത്തതെന്നും ഇതേ മുഖ്യൻ തന്നെ പറയുന്നു.
ഇവിടെയാണ് സർക്കാരിന്റെ ഉള്ളു പൊള്ളത്തരം വെളിവാകുന്നത്. കമ്മിറ്റിയും കമ്മിഷനും തമ്മിലുള്ള വ്യത്യാസം സർക്കാരിനറിയാം. ഹേമയുടേത് ഒരു ജുഡീഷ്യൽ കമ്മിഷനായിരുന്നില്ല. മേശക്കടിയിൽ വച്ച് സ്വകാര്യമായി വെറുതേ വായിച്ചു രസിക്കാവുന്ന ഒരു ചൂടൻ സാഹിത്യമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നും കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ടിൽ സർക്കാർ ആഗ്രഹിച്ചിരുന്നില്ല.
HomeAd1
 image 3 of news

"കമ്മിറ്റിക്ക് മുന്നിൽ മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും... " എന്തൊരു കോമഡി പീസാണ് നമ്മുടെ മുഖ്യമന്ത്രി. അല്ലേ? "അതുകൊണ്ട് പ്രിയപ്പെട്ട പീഡിതരേ,പെണ്ണുങ്ങളേ.... നിങ്ങൾ സ്വകാര്യതയുടെ ഉടയാടകൾ മാറ്റി നേരേ പോലീസ് സ്റ്റേഷനിലേക്ക് പോവുക. നടന്ന കാര്യങ്ങൾ എരിവിലും പുളിയിലും പോലീസേമാൻമാരോട് പറയുക. അവർ കേസെടുക്കട്ടെ...എന്നിട്ട് സംഭവം സത്യമാണെന്ന് പ്രമുഖർ സമ്മതിക്കട്ടെ.. അങ്ങിനെ വന്നാൽ.. പിന്നെ ഉന്നതനെന്നൊന്നും നോക്കില്ല. പണ്ടത്തെപ്പോലെ ഒരു പ്രത്യേക 'ഏക്ഷൻ 'കാണിച്ച് അവന്റെയൊക്കെ കരണക്കുറ്റി തകർക്കുംഞാൻ.....ഞാനാരാ മോൻ...."

 image 4 of news

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞