ഏക പോംവഴി രാജി. മുകേഷിനെ കൈവിട്ട് മുഖ്യമന്ത്രി
കേരളം വല്ലാത്തൊരു സംസ്ഥാനവും അവിടത്തെ പ്രബലമായ സി.പിഎം വല്ലാത്തൊരു പാർട്ടിയുമാണെന്ന് പറയേണ്ടിവരും. എരിവും പുളിയും കേരളീയന്റെ അഭിരുചിയിൽ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ കക്ഷികൾക്ക് പ്രതിയോഗികൾക്കെതിരേ പ്രയോഗിക്കാൻ വേണ്ടതും എരിവും പുളിയും കൊണ്ട് രുചി നൽകുന്ന വാർത്തകളാണ്.
ലൈംഗികാരോപണങ്ങൾ പ്രതിയോഗികളുടെ നേർക്ക് പ്രയോഗിക്കാൻ ഒരു മടിയും കാട്ടാത്ത പാർട്ടിയാണ് സി.പി എം. പക്ഷേ സ്വന്തം കാര്യം വരുമ്പോൾ പാർട്ടിയുടെ ധാർമ്മികത വേറേയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവയ്ക്കാൻ ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ രഞ്ജിത്ത് സ്വന്തം താല്പര്യ പ്രകാരമാണ് തയ്യാറായത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത് രഞ്ജിത്തിനോടുള്ള വാത്സല്യാതിരേകത്താലാവാനേ തരമുള്ളൂ. ടെലിവിഷൻ ചർച്ചകളിൽ ഇടത് അനുഭാവികളും നേതാക്കളും പറയുന്നത് രഞ്ജിത്തിനെക്കൊണ്ട് രാജിവെപ്പിച്ചത് പാർട്ടിയാണെന്നാണ്. പാർട്ടി എം.എൽ എയും കൊല്ലത്ത് മറ്റൊരു നേതാവിനുമില്ലാത്ത ജനപ്രിയതയുണ്ടെന്ന് പാർട്ടി ധരിച്ചു വശായിരിക്കുന്നയാളുമായ മുകേഷിനെതിരേ ഒന്നിലധികം സ്ത്രീകൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നു.നിലവിൽ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത്. ആരോപണമുന്നയിച്ചവർ സിനിമാ മേഖലയിൽ നിന്നുള്ളവരായതിനാൽ സിനിമയുടെ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിവായാൽ മതി എന്ന വിചിത്ര ന്യായമാണ് പാർട്ടി ഉയർത്തുന്നത്.
കൊല്ലത്തെ ജനപ്രതിനിധി എന്ന നിലയിൽ മുകേഷിന് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്ന കാര്യം പക്ഷേ പാർട്ടി മറന്നു പോവുകയും ചെയ്യുന്നു. തനിക്കെതിരെ ലൈംഗിക ആരോപണങ്ങൾ വരുമ്പോൾ അഗ്നിശുദ്ധി വരുത്തി ജനങ്ങളുടെ മുന്നിൽ നിൽക്കേണ്ടത് മുകേഷിന്റെ ധാർമികമായ ഉത്തരവാദിത്തമാണ്.
എന്നാൽ കൊല്ലത്തെ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ധൈര്യപ്പെടുന്നില്ലെന്ന് വേണം കരുതാൻ. ജില്ലയിലെ പാർട്ടി നേതൃത്വവും ഇത് ആഗ്രഹിക്കുന്നില്ല.ഈ ഒറ്റ കാരണം കൊണ്ടാണ് മുകേഷ് തുടരട്ടെ എന്ന് പാർട്ടി ജില്ലാ നേതൃത്വം തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ സരിത ആക്ഷേപങ്ങൾ ഉന്നയിച്ചപ്പോൾ ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ടവരാണ് ഇടതുപക്ഷം. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു എംഎൽഎക്കെതിരെ ഗൗരവതരമായ ആരോപണങ്ങൾ ഉയരുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിട്ടും മുകേഷിന്റെ രാജി ആവശ്യപ്പെടാൻ സിപിഎം തയ്യാറാകുന്നില്ലെന്നത് വിചിത്രമാണ്..
ഇരയോടൊപ്പം എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സിപിഎം വേട്ടക്കാർക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്.മുകേഷിന്റെ കാര്യത്തിലെ സിപിഎമ്മിന്റെ നിലപാടും ഇത് അടിവരയിടുന്നു. .പാർട്ടിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാൻ പോകുന്ന തെറ്റായ തീരുമാനമാണ് ഇത് എന്ന് സി.പി ഐയും ഇടതു സഹയാത്രികരും പോലും ചൂണ്ടിക്കാട്ടിയിട്ടും സംഭവത്തെ വഷളാക്കാൻ വിട്ട് കൈയ്യും കെട്ടിയിരിക്കുന്നത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ല.
.മുകേഷിനെതിരേ മുൻപും പലതവണ സമാനമായ ആ രക്ഷങ്ങളുയർന്നിട്ടുണ്ട്. ആദ്യഭാര്യ സരിത തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് പലതവണ മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും മനസ്സ് തുറന്നിരുന്നു..മുകേഷിന്റെ രണ്ടാം ഭാര്യയായി വന്ന പ്രശസ്ത നർത്തകി മേതിൽ ദേവികയും തനിക്കുണ്ടായ മോശം അനുഭവം പലരോടും വെളിപ്പെടുത്തിയിട്ടുള്ളതാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ ഭാരവാഹി എന്ന നിലയിൽ മുകേഷ് കൈക്കൊണ്ട നിലപാട് തീർത്തും സ്ത്രീവിരുദ്ധമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുവന്ന നിരവധി ആക്ഷേപങ്ങളിൽ മുകേഷ് പ്രധാന കഥാപാത്രമായതിന് പിന്നിലും തീർത്തും നിഷ്കളങ്കമല്ലാത്ത അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ തന്നെയാണുള്ളത്.
അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെടണം എന്ന് അഭിപ്രായം സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ശക്തമാകുന്നു എന്നാണ് മനസ്സിലാക്കുന്നത്. പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ദേശീയ നേതാവ് ആനിരാജ ഉൾപ്പെടെ ഉള്ളവർ ധാർമികതയുടെ പേരിൽ മുകേഷിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ നിരവധി പ്രശ്നങ്ങളിൽ അകപ്പെട്ടുഴലുന്ന സിപിഎമ്മിന് മുകേഷ് എന്ന വലിയ തലവേദനയെ ചുമക്കേണ്ട ആവശ്യമില്ല എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം അതിശക്തമായി ആവശ്യപ്പെടുന്നത്. മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി അനുവദിച്ചിരിക്കുന്ന സമയപരിധി അവസാനിച്ചാൽ നിയമസഭാ സാമാജികൻ എന്ന പ്രിവിലേജ് കൊണ്ട് പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിയില്ല.
അറസ്റ്റിലേക്ക് എത്തുന്നതിനുമുമ്പ് രാജിവെക്കുക എന്ന തീരുമാനമാകും കൈക്കൊള്ളാൻ പാർട്ടി മുകേഷിനോട് ആവശ്യപ്പെടുകയെന്ന സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടാവും ഇക്കാര്യത്തിൽ നിർണ്ണായകം.
നിരപരാധിത്തം തെളിയിക്കാനാവശ്യമായ വിവരങ്ങളും രേഖകളും കൈവശമുണ്ടെന്ന മുകേഷിന്റെ വാക്ക് മുഖവിലക്കെടുത്ത മുഖ്യമന്ത്രി മതിയായ നിയമ സഹായം തേടുന്നതിന് മുകേഷിന് സമയം നൽകിയിരിക്കുകയാണെന്നാണ് വിവരം. രാജി ഒഴിവാക്കാനാവില്ല എന്ന നിലപാടും മുഖ്യമന്ത്രി മുകേഷിനെ അറിയിച്ചതായാണ് വിവരം.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..