ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഓടാൻ തുടങ്ങും മുമ്പേ മുട്ട് മടക്കി ‘എമ്പുരാൻ’
എൻ.എസ്. അനിൽകുമാർ
30 March 2025, 5:49 am
main image of news

മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ മോഹൻലാലിൻ്റെ ആദ്യ ‘പാൻ ഇന്ത്യൻ ചലച്ചിത്രം’ എന്ന് വിശേഷിപ്പിക്കപ്പെട്ട L2- എമ്പുരാൻ, പ്രദർശനം തുടങ്ങി രണ്ട് ദിവസത്തിനകം റീ- സെൻസറിംഗിന് വിധേയമാക്കപ്പെട്ടത് എന്തു കൊണ്ട്..?

പ്രദർശനം തുടങ്ങുന്നതിന് മുൻപ് ആരാധകർക്കും സിനിമാ പ്രേമികൾക്കുമിടയിൽ മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത ‘ഓളം’ ആണ് എമ്പുരാൻ ഉണ്ടാക്കിയത്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗിലും സിനിമ ചരിത്രമായി. ദേശീയ തലത്തിൽ സിനിമ ചർച്ച ചെയ്യപ്പെട്ടു.പൃഥീരാജ് സുകുമാരൻ സംവിധാനം ചെയ്ത് അഞ്ച് ഭാഷകളിൽ നിർമ്മിച്ച എമ്പുരാൻ, മാർച്ച് 27 ന് രാജ്യത്ത് പ്രദർശനം ആരംഭിച്ചു.
കേരളത്തിൽ രാവിലെ 6 മണിക്ക് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്ന് സിനിമക്കെതിരെ
കടുത്ത പ്രതിഷേധം ഉയർന്നു.
ഇക്കാലത്ത് ഒരു സിനിമയുടെ ജയ-പരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത് സോഷ്യൽ മീഡിയയിൽ കൂടിയാണല്ലോ. സ്വാഭാവികമായും അവിടെ പ്രതിഷേധം അണ പൊട്ടി.
രണ്ട് വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം-
1.മോഹൻലാലിനെ ചതിച്ചു.
2.ഹിന്ദു വിരുദ്ധ പ്രൊപ്പഗാണ്ട.

 image 2 of news
മോഹൻലാൽ പൃഥീരാജിനൊപ്പം

മോഹൻലാൽ ചതിക്കപ്പെട്ടോ?

47 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അഭിനയ പ്രതിഭയാണ് മോഹൻലാൽ. സിനിമാ പ്രേക്ഷകരുടെ ‘പ്രിയ താരവും’ ആരാധകരുടെ’ സൂപ്പർ സ്റ്റാറുമായ’
അദ്ദേഹത്തിൻ്റെ ഓരോ സിനിമയും മലയാളത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ വൻ പ്രതീക്ഷയായിരുന്ന എമ്പുരാൻ
ആരാധകരുടെ അപ്രീതിക്ക് പാത്രമായി. മുഴുനീള മോഹൻലാൽ ചിത്രം പ്രതീക്ഷിച്ച് സിനിമയെ സ്വീകരിച്ച ആരാധകർ എമ്പുരാനിൽ അദ്ദേഹത്തിൻ്റെ ‘ഗസ്റ്റ് റോൾ’ കണ്ട് ഞെട്ടി. മൂന്ന് മണിക്കൂർ ദ്യൈർഘ്യമുള്ള സിനിമയിൽ
മോഹൻലാലിന് ആകെ കുറച്ച് സീനുകൾ മാത്രം,
ഡയലോഗുകളും കുറവ്. വെറും അര മണിക്കൂർ താഴെ മാത്രം
’ സ്ക്രീൻ പ്രസൻസ്’. സഹിക്കുമോ ആരാധകർ, അവർ ആക്രോശിച്ചു; ‘പൃഥിരാജ് മോഹൻലാലിനെ ചതിച്ചു’.
എമ്പുരാനിൽ കൂടി മോഹൻലാൽ ചതിക്കപ്പെട്ടു എന്ന ആരോപണം ഉന്നയിച്ച മറ്റൊരു കൂട്ടർ ‘ഓൺലൈൻ സംഘികൾ എന്ന വിളിപ്പേരുള്ള രാജ്യസ്നേഹികൾ’ ആയിരുന്നു. സോഷ്യൽ മീഡിയയിലെ ‘സവർണ്ണനായ’ എക്സ്( ട്വിറ്റർ) ൽ കൂടിയായിരുന്നു അവരുടെ പ്രതിഷേധം.ED, NIA, CBI എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ സിനിമയിൽ മോശമായി അവതരിപ്പിച്ചിരിക്കുന്നു, ലഫ്റ്റനന്റ് കേണൽ പദവി അലങ്കരിക്കുന്ന മോഹൻലാൽ എന്ത് കൊണ്ട് ഇതിന് കൂട്ടുനിന്നു?
എന്നീ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാത്രമല്ല,മോഹൻലാൽ സംഘിയാണെന്ന അവരുടെ വിശ്വാസവും പൊളിഞ്ഞു. ലാലേട്ടനെ പൃഥീരാജ് ചതിക്കുകയായിരുന്നത്രെ.
ഇവിടെയും ‘വില്ലൻ’ പൃഥീരാജ് തന്നെ.
HomeAd1
 image 3 of news
RSS മുഖപത്രം ഓർഗനൈസറിൽ എമ്പുരാൻ സിനിമക്കെതിരെ പ്രസിദ്ധീകരിച്ച ലേഖനം

എമ്പുരാൻ പ്രീണന രാഷ്ട്രീയത്തിൻ്റെ സിനിമാ പതിപ്പോ?

സിനിമയുടെ സ്റ്റോറി ബിൽഡ് അപിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്ന സംഭവത്തെ കുറിച്ചായിരുന്നു പ്രധാന വിമർശനങ്ങൾ.2002 ൽ ഗുജറാത്തിലെ ഗോധ്രയിൽ നടന്ന കൂട്ടക്കൊലയെ തെറ്റായ രീതിയിൽ, രാഷ്ട്രീയ ദുരുദ്ദേശത്തോടെ അവതരിപ്പിച്ച സംവിധായകനെ ‘എയറിൽ’ കയറ്റുന്ന രീതിയിലായിരുന്നു എക്സിലെ പ്രതിഷേധം. മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, അന്വേഷണ ഏജൻസികൾ എന്നിവരെ ടാഗ് ചെയ്ത് പോസ്റ്റുകളുടെ പ്രളയം തീർത്തു. എമ്പുരാൻ്റെ’ അജണ്ട’ സംഘികൾ ചർച്ചയാക്കി. സംസ്ഥാന ബി ജെ പി നേതൃത്വത്തെ അവർ പ്രതികൂട്ടിലാക്കി. കാരണം സിനിമ സെൻസർ ചെയ്ത പാനലിൽ ഉണ്ടായിരുന്ന നോമിനികൾ എല്ലാം ബി ജെ പി യിലെ പ്രധാനികൾ. രാജ്യവിരുദ്ധവും ഹിന്ദു വിരുദ്ധവുമായ, സത്യത്തെ വളച്ചൊടിക്കുന്ന സിനിമയെ, സിനിമയായി കാണാൻ കഴിയില്ല എന്ന അവരുടെ നിലപാട് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. RSS ൻ്റെ മുഖപത്രമായ ഓർഗനൈസറിൽ എമ്പുരാൻ സിനിമക്കെതിരെ ലേഖനം പ്രത്യക്ഷപ്പെട്ടു. അതിൽ
പൃഥീരാജിൻ്റെ രാജ്യവിരുദ്ധ രാഷ്ട്രീയം വിശദമായി പ്രതിപാദിക്കപ്പെട്ടു-
വാര്യൻ കുന്നൻ മുതൽ CAA വിരുദ്ധ നിലപാട് വരെ.
നിൽക്കകള്ളിയില്ലാതെ സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്തെത്തി. തിരുത്തലുകൾ വരുത്താൻ സംവിധായകന് നിർദ്ദേശം നൽകി. ഫലമോ, സിനിമയിൽ 17 ‘കട്ടുകൾ’, ചില്ലറ
മാറ്റങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ
‘ തിരുത്തൽ എമ്പുരാൻ’ തീയേറ്ററുകളിൽ കളിക്കും എന്നറിയുന്നു. അപ്പോഴേക്കും നിർമ്മാതാക്കളുടെ അജണ്ട പരമാവധി പ്രചരിപ്പിക്കപ്പെടും.

 image 4 of news
ഓപ്ഇന്ത്യയിലെ ലേഖനം

റിലീസിന് മുൻപ് സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും തിളങ്ങി നിന്ന പൃഥീരാജിനും മോഹൻലാലിനും സിനിമയുടെ പ്രദർശനം തുടങ്ങിയ ശേഷം മാളത്തിൽ ഒളിക്കേണ്ടി വന്നത്, ചെയ്ത പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കിയാകണം.

കലാകാരൻ്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത് എന്നാണല്ലോ പ്രമാണം. ഒരു തരം നിർവ്വചിക്കപ്പെടാത്ത സ്വാതന്ത്ര്യം. അതിനാലായിരിക്കാം ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നത്.മനുഷ്യനെ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമമാണ് സിനിമ. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ചരിത്ര സത്യങ്ങളെ വക്രീകരിച്ച് സിനിമകൾ ചിത്രീകരിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് നമ്മുടെ പുതു തലമുറയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ 59 ഹിന്ദു തീർത്ഥാടകരെ സബർമതി എക്സ്പ്രസ് ട്രെയിനിന്റെ S6 ബോഗിയിൽ പച്ചയ്ക്ക് കത്തിച്ച് കൊലപ്പെടുത്തിയ മതഭ്രാന്തിനെ ‘വെളുപ്പിക്കാൻ’ ശ്രമിച്ച എമ്പുരാൻ്റെ ദുരുദ്ദേശ്യം കടന്ന കൈ ആയിപ്പോയി. ചരിത്ര സംഭവങ്ങളുടെ ചിത്രീകരണം തെളിവുകളും രേഖകളും പരിശോധിച്ചാകണം ചെയ്യേണ്ടത്. ഇക്കാര്യം അറിയാത്ത ആളല്ല പൃഥ്വീരാജ് സുകുമാരൻ. അന്വേഷണ കമ്മീഷനുകൾ കണ്ടെത്തിയ സത്യം മുന്നിലുള്ളപ്പോൾ, ഗോധ്ര കൂട്ടക്കൊലയെ വക്രീകരിച്ച് ഹിന്ദു വിരുദ്ധമാക്കിയ വൈഭവത്തെ ‘പ്രൊപ്പഗാണ്ട’ എന്ന് വിശേഷിപ്പിക്കുന്നതിൽ ന്യായമുള്ളതായി കാണാം.
റിലീസിന് മുൻപ് സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും തിളങ്ങി നിന്ന പൃഥീരാജിനും മോഹൻലാലിനും സിനിമയുടെ പ്രദർശനം തുടങ്ങിയ ശേഷം മാളത്തിൽ ഒളിക്കേണ്ടി വന്നത്, ചെയ്ത പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കിയാകണം.

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് അതിൻ്റെ സ്ക്രിപ്റ്റ് പൂർണ്ണമായും വായിക്കുന്ന നടനാണ് മോഹൻലാൽ.എമ്പുരാൻ്റെ കാര്യത്തിൽ മോഹൻലാലിന് പിഴവ് പറ്റിയോ? പൃഥീരാജിലുള്ള അദ്ദേഹത്തിൻ്റെ വിശ്വാസം അന്ധമായിരുന്നോ? ആഹ്ലാദത്തോടെ സിനിമയുടെ ആദ്യ ഷോ കാണാൻ പോയ മോഹൻലാലിന്, പ്രദർശനത്തിന് ശേഷം ക്ഷുഭിതനായി തിയേറ്ററിൽ നിന്നിറങ്ങി വരേണ്ടി വന്നതെന്തു കൊണ്ട്? മറുപടി പറയേണ്ടത് മോഹൻലാൽ തന്നെയാണ്. കാരണം;അദ്ദേഹത്തെ സ്നേഹിക്കുന്ന, ആദരിക്കുന്ന, കോടിക്കണക്കിന് മലയാളികൾ മോഹൻലാലിൻ്റെ മേൽ ഒരു’ ചെറു കറ’ പോലും കാണാൻ ആഗ്രഹിക്കുന്നില്ല.

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞