ⓘ WEBSITE UNDER DEVELOPMENT

NewsAd1
എം ടി കഥാപാത്രങ്ങളുടെ 'തുടർച്ച'.
ബി.ടി. അനിൽകുമാർ
6 September 2024, 6:45 pm
main image of news

'എം.ടി.വാസുദേവൻ നായർ എന്ന മഹാപ്രതിഭയുടെ വിവിധ കഥകളിലെ ഏതാനും കഥാപാത്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പ്രകാശവും ശബ്ദവും ഉപയോഗിച്ച് അദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്ന കലയുടെ മാന്ത്രികനായ സൂര്യാകൃഷ്ണമൂർത്തി തിരുവനന്തപുരം ടാഗോർ തീയേറ്റർ കോമ്പൗണ്ടിൽ അവതരിപ്പിച്ച ''തുടർച്ച'' എന്ന നാടകം പ്രേക്ഷകമനസ്സുകളിൽ സൃഷ്ടിച്ച അനുഭൂതിവിശേഷങ്ങൾ വർണ്ണനാതീതമാണ്.
നാടക സ്റ്റേജ് പോലും തികച്ചും നൂതനമായ ശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. നാലുകെട്ട്, ചായ്പ്പ് , ആൽത്തറ എന്നിവ സിനിമാസെറ്റുകളെ ഓർമ്മിപ്പിക്കുന്നു.
സ്റ്റേജിന്റെ പരിമിതികൾ ഇവിടെ അപ്രത്യക്ഷമാകുന്നു. സിനിമയാണോ ഇതെന്ന് നാം അദ്‌ഭുതപ്പെടുന്നു. എന്നാൽ അഭിനേതാക്കൾ വെറും നിഴലുകൾ അല്ല,ജീവനുള്ള മനുഷ്യർ തന്നെയാണെന്നറിയുമ്പോൾ നാം ആഹ്ളാദിക്കുന്നു.
നടീനടന്മാരെല്ലാവരും വളരെ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യഭാഷ വെളിച്ചത്തിന്റെയും നാദത്തിന്റെയും സഹായത്തോടെ അവതരിപ്പിച്ച് എന്റെ ഒരു രാത്രി
അവിസ്മരണീയമാക്കിയ പ്രിയസ്നേഹിതൻ കൃഷ്ണമൂർത്തിയെ അമിതാഹ്ളാദത്തോടെ ഞാൻ ആലിംഗനം ചെയ്തുകൊള്ളട്ടെ...'
തിരുവനന്തപുരത്തെ കലാസ്വാദകരെ ദൃശ്യാനുഭവത്തിന്റെ പുതിയൊരു വിതാനത്തിലേക്കുയർത്തി സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്തവതരിപ്പിച്ച 'തുടർച്ച'യെന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയെക്കുറിച്ച് പ്രശസ്ത കവി ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

 image 2 of news

എംടിയുടെ സാഹിത്യ
സൃഷ്ടികളിൽ നിന്നുള്ള അൻപതോളം കഥാപാത്രങ്ങൾ. അൻപതിൽപ്പരം അഭിനേതാക്കൾ. കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങൾ, താവളങ്ങൾ, അവർ നടന്ന വഴികൾ, അറിഞ്ഞ പ്രകൃതി, പ്രപഞ്ചം.... ഒരേ ദിശയിൽ നോക്കിയിരുന്ന് കണ്ടുതീർക്കാവുന്ന പതിവ് സ്റ്റേജ് നാടകമോ സിനിമയോ പോലെയല്ലാതെ കാഴ്ചക്കാർ കൂടി കഥാപാത്രങ്ങളും അവർ ഇരിക്കുന്ന സ്ഥലം കൂടി വേദിയുമായി പരിണമിക്കുന്ന അപൂർവ്വ അനുഭവം. രണ്ടേമുക്കാൽ മണിക്കൂർ തുടർച്ചയായി അവതരിപ്പിക്കുന്ന ഈ കലാസൃഷ്ടിക്ക് സംവിധായകൻ ഇടവേള അനുവദിക്കുന്നില്ല.
HomeAd1
 image 3 of news

എം.ടി.വാസുദേവൻ നായരുടെ അമ്മയുടെ കാഴ്ചപ്പാടിലാണ് തുടർച്ച ചിട്ടപ്പെടുത്തിയിരിക്കുന്നത്.‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയിലൂടെയാണ് തുടക്കം. തുടർന്ന് വിവിധ കഥകളിലെ ഒട്ടേറെ കഥാപാത്രങ്ങൾ പരസ്പരം സന്ധിച്ചും കഥാസന്ദർഭങ്ങൾ തമ്മിലിണങ്ങിയും ഒരു നിമിഷം പോലും ആസ്വാദകരുടെ കാഴ്ച മാറാനനുവദിക്കാതെ മുന്നോട്ടു സഞ്ചരിക്കുന്നു.

തിരുവനന്തപുരം നഗരത്തിനുള്ളിൽ ഗ്രാമഛായ നിലനില്ക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ് വഴുതക്കാടുള്ള ടാഗോർ തിയേറ്റർ പരിസരം. വ്യത്യസ്തങ്ങളായ ഒട്ടേറെ വൃക്ഷങ്ങൾ തീർക്കുന്ന ഇവിടത്തെ ഹരിത കവചം നഗരവാസികൾക്ക് നൽകുന്നത് മലിനമാവാത്ത പ്രാണവായുവിന്റെ സംരക്ഷണം കൂടിയാണ്. ഈ ജൈവ പരിസ്ഥിതിയും സുന്ദര പ്രകൃതിയും കൂടി കലാസൃഷ്ടിയുടെ ഭാഗമാവുന്നതിലൂടെയാണ് 'തുടർച്ച'യ്ക്ക് മിഴിവേറുന്നത്.

 image 4 of news

'കാലം, പ്രകൃതി എന്നിവയെ ഒഴിച്ചു നിർത്തി ഈ കഥ പറയാനാകില്ല. അതിനാലാണ് തുറന്ന വേദിയിൽ കലയുടെ ഈ സാധ്യത പരീക്ഷിക്കുന്ന’തെന്ന് സൂര്യ കൃഷ്ണമൂർത്തി പറയുന്നത് വെറുതെയല്ല. പട്ടാമ്പി റെയിൽവേ സ്റ്റേഷനും ചാമുണ്ഡി വിലാസം ചായപ്പീടികയും തറവാടും അരയാൽത്തറയും അമ്പല മുറ്റവുമെല്ലാം സിനിമയിലെന്നപോലെ പ്രേക്ഷകരുടെ കണ്മുന്നിൽ യഥാതഥമായി ആവിഷ്കരിക്കപ്പെടുന്നു.

എംടിയുടെ കഥാ പ്രപഞ്ചം വായനയിലൂടെ ഉൾക്കൊണ്ടവർക്ക് ആസ്വാദനത്തിന്റെ അസുലഭമായ തുടർച്ചയുമാണ് ഈ അവതരണം.

ഈ മാസം 2 ന് തുടങ്ങി 6 വരെ ദിവസവും വൈകിട്ട് കൃത്യം 6.45 ന് തുടങ്ങുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിരുന്നത്. സാംസ്കാരിക വകുപ്പ്, പിആർഡിഎന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട തുടർച്ചയിൽ നിന്നുള്ള വരുമാനം വയനാട് പുനർനിർമാണത്തിനായി സംഭാവന ചെയ്യും.
'തിയേറ്റർ ഓഫ് ഫ്രീഡം'എന്നു പേരിട്ടിരിക്കുന്ന സങ്കേതത്തിൽ ഒരുക്കിയ തുടർച്ച,വൈകാതെ എം.ടിക്കുവേണ്ടി കോഴിക്കോട്ടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂര്യാ കൃഷ്ണമൂർത്തി ഇപ്പോൾ.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞