ⓘ WEBSITE UNDER TESTING

NewsAd1
നവരാത്രി ആഘോഷങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം
എൻ.എസ്. അനിൽകുമാർ
3 October 2024, 4:12 am
main image of news

ഭാരതത്തിൽ ഓരോ വർഷവും നാല് നവരാത്രങ്ങൾ ശക്തി ഉപാസനക്കും പൂജകൾക്കുമായി ആചരിക്കാറുണ്ട് . വസന്ത നവരാത്രി , ആഷാഢ നവരാത്രി , ശാരദീയ നവരാത്രി , മാഘ നവരാത്രി . ഇതിൽ വാസന്ത നവരാത്രിക്കും ശാരദീയ നവരാത്രിക്കും പ്രാധാന്യമേറും. അതിൽ തന്നെ കന്നി മാസത്തിലെ ശാരദീയ നവരാത്രിക്ക് വൈശിഷ്ട്യവും ഏറെയാണ്. അതിനാൽ നവരാത്രികളിൽ ശാരദീയ നവരാത്രിയെ ഉത്തമമായ മഹാ നവരാത്രിയായി ഗണിക്കപ്പെടുന്നു.

ശരത് കാലത്തെ മഹാളയ അമാവാസി കഴിഞ്ഞുള്ള ആദ്യ ചന്ദ്ര ദർശനമാണ് നവരാത്രിയുടെ പ്രഥമദിനമായി കണക്കാക്കപ്പെടുന്നത്‌. അതായത് ചന്ദ്രന്റെ ബാലാവസ്ഥയിൽനിന്നു യൌവനാവസ്ഥവരെയുള്ള ഒമ്പതു ദിവസങ്ങളാണത്രേ ശ്രേഷ്ഠം . ഈ സമയത്ത് തന്നെയാണ് ജീവജാലങ്ങളിൽ ഓജസ്സും സംഭരിക്കപ്പെടുന്നത്. ശാസ്ത്രം പോലും അതു ശരിവച്ചിട്ടുണ്ട് . കന്നിമാസത്തിലെ ചന്ദ്രനു ശക്തിയേറും. അതിനാലായിരിക്കണം ഈ നവരാത്രിക്കു വൈശിഷ്ട്യമേറിയത്.
പ്രകൃതിയെ ബഹുമാനിക്കുക, നമ്മെപ്പോലെ സകല ചരാചരത്തിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്നറിയുക; അങ്ങനെ പ്രകൃതിയുമായി കൂടുതലടുക്കുക എന്നതുതന്നെയാണ് ഈ ആഘോഷത്തിന്റെയും അന്തർലീനമായ തത്വം. പ്രപഞ്ചത്തിലെ സൂക്ഷ്മമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ അറിഞ്ഞ് ആവാഹിച്ചാവിഷ്കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് നവരാത്രി. ഒൻപതു ദിവസങ്ങളിലായി ഒൻപതു ദേവീ ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. അങ്ങനെ ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയും സമ്പന്നമാക്കി മനുഷ്യായുസ്സിനെ പരിപാലിക്കുക എന്ന ഉദ്ദേശം.
ധർ‍മ്മസംരക്ഷണത്തിൻെറയും ധർമ്മവിജയത്തിൻറെയും സന്ദേശമാണ് നവരാത്രിയുടെ കഥകൾ‍.
നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധ വിജയ കഥകൾ‍ ശ്രീമദ്ദേവീ മഹാഭാഗവതത്തിലും മാർക്കാണ്ഡേയ പുരാണത്തിലും വിസ്തരിക്കുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡമുണ്ഡാസുരർ, രക്തബീജൻ‍, ധൂമ്രലോചനൻ‍, ശുഭ നിശുംഭന്മാര്‍, ഭീമാസുരൻ, അരുണാസുരൻ തുടങ്ങിയ ഘോര രാക്ഷസരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതിൽ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന്റെ ബാഹ്യ ഹേതു.
ഈ ഒൻപതു ദിവസവും വളരെ മഹാത്മ്യമുള്ളത്. അതിൽത്തന്നെ അവസാന മൂന്നു ദിവസം - മഹാ അഷ്ടമി , മഹാ നവമി , വിജയദശമി -അത്യുത്തമം.
ഒമ്പതു ദിവസവും വ്രതം, , പുരാണ പാരായണം , നവദുർഗ്ഗാ പൂജ എന്നിവ
അനുയോജ്യം.
വ്രതമെന്നാൽ നമ്മുടെ ശേഷിപോലെ. അത് ഒരു നേരംമാത്രം ആഹരിച്ചോ, ജലാഹാരം കഴിച്ചോ, ഉപവസിച്ചോ, അരിയാഹാരം ഉപേക്ഷിച്ചോ നമ്മുടെ തൃപ്തിപോലെ എങ്ങനെ വേണമെങ്കിലും ആകാം. എന്തായാലും നമുക്കു ഏറ്റവും പ്രിയപ്പെട്ട ഒരാഹാരം ഉപേക്ഷിക്കുക. മാംസാഹാരം വർജ്ജ്യം.
പുരാണ പാരായണമെന്നതു വെറും ജപത്തിൽ മാത്രം അധിഷ്ഠിതമല്ല. ദേവീ മാഹാത്മ്യമോ, ശ്രീമദ് ദേവീ ഭാഗവതമോ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ ആകാം.

ഏതൊരു കാര്യവും അന്ധമായി പിന്തുടരുന്നതിലും അർത്ഥമറിഞ്ഞു പിന്തുടരുമ്പോഴാണ് അതിനു നിലനിൽപും ഫലപ്രാപ്തിയും ഉണ്ടാകുന്നത്. ഓർക്കുക; നമുക്കപ്രാപ്യമായ ഒരിടത്തിരുന്ന് അനുഗ്രഹം ചൊരിയുന്നതല്ല ദൈവം, മറിച്ച് കറകളഞ്ഞ വിശ്വാസവും ചിട്ടയോടെയുള്ള സാധനയുംതന്നെ നമ്മുടെ ദൈവം. എല്ലാ വായനക്കാർക്കും നവരാത്രി ആശംസകൾ..

HomeAd1

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞