പ്രവാചകാ, പ്രണാമം
മോഹൻ കെ കൃഷ്ണൻ
1 April 2025, 10:40 am
"എന്റെ മകൻ... അവൻ ഈ രാത്രി ഉറങ്ങീട്ടുണ്ടാവില്ല..ഉറങ്ങാതെ ഉണർന്നീട്ടുണ്ടാവില്ല.ഉറങ്ങാതെ ഉണരാതെ അവന് ചായ കുടിക്കാൻ മനസു വരുന്നതെങ്ങനെ. വെള്ളായിയപ്പന്റെ കൈപ്പടം പൊതിച്ചോറിൽ അമർന്നു.മകനെ ഇതു നിന്റെ അമ്മ എനിക്കായി പൊതിഞ്ഞതാണ്. യാത്രയിൽ ഞാനിത് കഴിക്കാതെ ഇവിടെവരെ എത്തിച്ചു.ഇനി നിനക്കു തരാൻ എന്റെ കൈയ്യിൽ ഇതു മാത്രമാണുള്ളത്.ഇതു നിനക്കുള്ളതാണ്. തോർത്തിന്റെ കെട്ടഴിക്കാത്ത പാഥേയം പുളിച്ചു. നേരം പതുക്കെ പതുക്കെ വെളുത്തു. പതുക്കെ പതുക്കെ കനച്ചു... "
മാർച്ച് 30 , 2005; സാഹിത്യത്തിലെ മഹാമേരു ഓ.വി വിജയൻ കടന്നു പോയിട്ട് ഇരുപത് വർഷങ്ങൾ. സാഹീതി ലോകത്തെ ഭാവനാതലങ്ങളെയും സൗന്ദര്യ ശാസ്ത്രത്തെയും സംവേദനത്തയും രണ്ടായിപ്പകുത്ത ഖസാക്ക് വിസ്മയിപ്പിക്കുന്ന താജ്മഹലായി നമുക്കു മുന്നിൽ ഇന്നും പ്രോജ്ജ്വലിക്കുന്നുണ്ട്.
മനുഷ്യ ജീവിതത്തിലെ എല്ലാ പരിമിതികളെയും അതിലംഘിക്കുന്ന വിശ്വാത്തരമായ പൊരുളുകളും സ്വർണ പാത്രം കൊണ്ടു മൂടിക്കിടക്കുന്ന ഉണ്മകളും അദ്വൈതത്തിന്റെ അഗാധമായ ഉള്ളറിവുകളും ഒരു പരിവ്രാജകന്റെ വിനയത്തോടെ, സന്ദേഹങ്ങൾ ഏതുമില്ലാതെ,അദ്ദേഹം തന്റെ രചനകളിലൂടെ തുറന്നു വച്ചു. വിശുദ്ധവും പവിത്രവും മാനവികവുമായ കാഴ്ചകളും കാഴ്ച്ചപ്പാടുകളും പങ്കിട്ടു.
കാപട്യവും പൊള്ളത്തരവും സംവൃതവുമായ മലയാളി സമൂഹം അതുൾക്കൊണ്ടില്ല. അധോമുഖമായ രാഷ്ട്രീയവും ആ പ്രവചന സ്വരങ്ങളെ എതിർക്കാനും തിരസ്കരിക്കാനുമാണ് വെമ്പൽ പൂണ്ടത്.
മൂർത്തമായ ഒരു പ്രതിഭയോടും പ്രതിഭാസത്തോടും പഴയ ഞണ്ടുകളി പരീക്ഷിച്ചവരാണ് നാം. മാതൃഭൂമിയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച പ്രസിദ്ധി നേടിയ ഖസാക്കിനു ശേഷം ഓ.വി വിജയൻ അയച്ചു കൊടുത്ത കഥ മടക്കത്തപാലിൽ കൃത്യമായി തിരിച്ചയച്ചപ്പോൾ ചുമതലക്കാരൻ സാക്ഷാൽ എം.ടി വാസുദേവൻ നായർ.
എംടി പദവി ഒഴിയുംവരെ ഓ.വി വിജയന്റെ ഒരു രചനയും മാതൃഭൂമിയിൽ വെളിച്ചം കണ്ടില്ല എന്നതും അനുഭവ സാക്ഷ്യം. മാത്രമല്ല ബങ്കർവാടി എന്ന കന്നഡ നോവലുമായി ഖസാക്കിനെ ബന്ധിപ്പിച്ച് ജിഎൻ പണിക്കർ സാർ എഴുതിയതോ അദ്ദേഹത്തെക്കൊണ്ട്എഴുതിച്ചതോ ആയ ലേഖനവും മാതൃഭൂമിയിൽ ഇടം പിടിച്ചു.മലയാള നാടിലും കലാകൗമുദിയിലുമായിരുന്നു ഓ.വി വിജയന്റെ കൃതികളും കുറിപ്പുകളും പംക്തികളും ഏറെയും
പ്രസിദ്ധീകൃതമായത്
സാക്ഷര മലയാളി സമൂഹത്തിന്റെ സംവേദന തലങ്ങളിൽ അഗ്നി പകർന്ന അഗ്രഗാമി, പ്രണാമം...
Keywords:
Recent in Culture
Must Read
Latest News
In News for a while now..