സൂക്ഷ്മ നോട്ടത്തിന്റെ ഇവി.
ബി വി പവനൻ
3 April 2025, 2:17 am
അന്തരിച്ച പ്രശസ്ത കഥാകാരൻ ഇ വി ശ്രീധരനെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബി വി പവനൻ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽനിന്ന്....
ഇ.വിയും കടന്നു പോയി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നിന്ന് പി.കെ. ശ്രീനിവാസൻ വിളിച്ചപ്പോൾ ഇ.വി. ശ്രീധരൻ്റെ കാര്യവും സംസാരിച്ചിരുന്നു. അവസ്ഥ പൊതുവിൽ മോശമാണെന്നും പറഞ്ഞിരുന്നു.
എം.എസ്. മണിസാർ എന്ന ഇതിഹാസ തുല്യനായ പത്രാധിപരുടെ നേതൃത്വത്തിൽ എസ്. ജയചന്ദ്രൻ നായരും എൻ.ആർ. എസ്സും ചേർന്ന് കലാകൗമുദി എന്ന രാഷ്ട്രീയ സാംസ്കാരിക വാരിക ആരംഭിച്ച് കേരളത്തേയും മലയാളത്തേയും ആവേശ കൊടുമുടി കയറ്റിയപ്പോൾ അതിൻ്റെ പിന്നിൽ നിശബ്ദരായി പ്രവർത്തിച്ച ചില ധിഷണാശാലികൾ ഉണ്ടായിരുന്നു. അവരിൽ ഒരാളാണ് ഇ.വി. ശ്രിധരൻ. പിന്നെ കള്ളിക്കാട് രാമചന്ദ്രൻ, വേലപ്പൻ തുടങ്ങിയവർ. കാലഘട്ടത്തിൻ്റെ അനിവാര്യമായ ഒരു സങ്കലനമായിരുന്നു അത്. കേരളത്തിൻ്റെയും മലയാളികളുടെയും സംവേദന ശീലങ്ങളെ മാറ്റി മറിച്ചാണ് അവർ കടന്നു പോയത്.
ഇ വി ശ്രീധരനും ഞാനും ഒരേ ഓഫീസ് മന്ദിരത്തിനുള്ളിൽ രണ്ട് ശ്രേണികളിലായി വർഷങ്ങളോളം പണിയെടുത്തവരാണ്. ഇ.വി. കലാകൗമുദിയിലും, ഞാൻ കേരള കൗമുദിയിലും. സംസാരിക്കുന്നതിലും കൂട്ടുകൂടുന്നതിലും വലിയ പിശുക്കായിരുന്നു ഇവിക്ക്. അന്തർമുഖനെന്ന് പറഞ്ഞാൽ പോരാ. തീർത്തും മതിൽ കെട്ടി അടച്ച വ്യക്തിത്വം . വലിയ പരിചയമുണ്ടായാലും ഇങ്ങോട്ട് സംസാരിച്ചില്ലെങ്കിൽ അങ്ങോട്ട് കയറി സംസാരിക്കാത്ത പ്രകൃതമാണ് എൻ്റേതും. അതിനാൽ ഇവിയും ഞാനും തമ്മിൽ ആകെ സംസാരിച്ചിട്ടുള്ളത് തന്നെ ഏതാനും വാക്കുകൾ മാത്രമാകാം. പരസ്പരം മുഖാമുഖം വരുമ്പോൾ രണ്ടു പേരും മൃദുവായി ചിരിച്ച് കടന്നു പോകും. അതായിരുന്നു ഞങ്ങളുടെ സൗഹൃദം. എങ്കിലും പരസ്പരം മനസ് കൊണ്ട് നല്ല അടുപ്പമായിരുന്നു.
കൃതഹസ്തനായ നല്ല എഡിറ്ററായിരുന്നു ഇ വി ശ്രീധരൻ. അദ്ദേഹത്തിൻ്റെ പേനയുടെ സ്പർശമേറ്റാൽ ശിലാ സമാനമായ രചനകൾ പോലും പൂ ത്തുലയുമായിരുന്നു. ആഴത്തിലുള്ള അറിവും പരന്ന വായനയും.
അദ്ദേഹത്തിൻ്റെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. എപ്പോഴും നിറഞ്ഞു തുളുമ്പി നിൽക്കും. ആ ജലരാശിയിലൂടെയാണ് കൂർത്ത ആ നോട്ടം കടന്നു വരുന്നത്.
ഇനി ഒരിക്കലും തിരിച്ചു വരാത്ത ശ്രേഷ്ഠമായ ഒരു കാലഘട്ടമാണ് നമ്മുടെ കൺമുന്നിൽ നിന്ന് മാഞ്ഞു പോകുന്നത്.
വിട, പ്രിയപ്പെട്ട ഇ.വി.
Keywords:
Recent in Culture
Must Read
Latest News
In News for a while now..