വേദികളെ പ്രണയിച്ച പോറ്റി സാറിന് ആദരവോടെ വിട
അനിൽകുമാർ
16 April 2025, 2:13 am
തിരുവനന്തപുരത്തെ കലാ സാംസ്കാരിക വേദികൾക്ക് സുപരിചിതനായ പോറ്റി സാർ
(എൻ. രഘുരാമൻ, റിട്ട: VSSC) അന്തരിച്ചു. 81 വയസ്സായിരുന്നു.
തലസ്ഥാനത്തെ ഏത് സാംസ്കാരിക പരിപാടിയും ആദ്യമറിയുകയും അത് തനിക്ക് പരിചയവും സൗഹൃദവുമുള്ള മറ്റു കലാസ്വാദകരെ അറിയിക്കുകയും ചെയ്യുക എന്ന ശീലം വർഷങ്ങളായി കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു രഘുരാമൻ പോറ്റി.
സംഗീത പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന പോറ്റിസാറിന് സംഗീത രംഗത്തെ മഹാരഥൻമാരുമായി ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. പരിപാടികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ, ആസ്വാകരെ സദസ്സിലെത്തിക്കാൻ ,
തനിക്കുണ്ടായിരുന്ന വിപുലമായ സൗഹൃദങ്ങളെ അദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നു..
ജി ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റും
ജി ദേവരാജൻ മ്യൂസിക് അക്കാദമി
ദേവരാഗപുരവുംചേർന്ന് മാർച്ച് 15 ന് സംഘടിപ്പിച്ച ജി.ദേവരാജൻ - പി.ജയചന്ദ്രൻ അനുസ്മരണ വേദിയിൽ പോറ്റി സാറിനെ ആദരിച്ചിരുന്നു. ഡോ.കെ. ഓമനക്കുട്ടി ടീച്ചർ, എം.ജയചന്ദ്രൻ,
പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നാണ് പൊന്നാടയണിയിച്ചത്.
ആദരവ് ഏറ്റുവാങ്ങിയശേഷം തനിക്ക് രണ്ടു വാക്ക് സംസാരിക്കാറുണ്ട് എന്നു പറഞ്ഞ് മൈക്ക് വാങ്ങിയ അദ്ദേഹം 'ദേവരാജൻ മാസ്റ്റർ' എന്നു പറഞ്ഞു തുടങ്ങി അടുത്ത വാക്കിലേക്ക് കടക്കാനാവാതെ കുഴഞ്ഞു വീഴുകയായിരുന്നു.സന്തോഷത്തിന്റെ പാരമ്യത്തിൽ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാവേദികളിലൊന്നിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിറുത്തിയുള്ള വിനീതമായ വിടവാങ്ങൽ.
സംഘാടകർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം പിന്നീട് ആ അവസ്ഥയിൽ നിന്ന് മടങ്ങി വന്നില്ല.
അരനൂറ്റാണ്ടു കാലത്തെ സംഗീത സൗഹൃദത്തിനിടയിൽ ഏറ്റവും വിലപ്പെട്ട അംഗീകാരം എന്നാണ് ആദരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞതെന്ന് ദേവരാഗപുരത്തിന്റ മുഖ്യസംഘാടകനും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രൻ അനുസ്മരിക്കുന്നു.
കലാപരിപാടികളിൽ പോറ്റി സാറിന് വലിപ്പച്ചെറുപ്പങ്ങളുണ്ടായിരുന്നില്ല. പലപ്പോഴും സംഘാടകരെ അന്വേഷിച്ചെത്തി വിവരം ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ചെറിയ പരിപാടികൾ സംഘടിപ്പിക്കുന്നവർ ആളെക്കൂട്ടാൻ പോറ്റിസാറിന്റെ സഹായം തേടുന്നതും പതിവായിരുന്നു. ഓരോ പരിപാടിയുടെയും സ്വഭാവമനുസരിച്ച് അതിൽ താത്പര്യമുള്ളവരെ സ്വന്തം ചെലവിൽ അറിയിക്കുന്ന പോറ്റിയുടെ ശീലം സംഘാടകർക്കും ആസ്വാദകർക്കുമിടയിൽ സൗഹൃദത്തിന്റെയും ആസ്വാദനത്തിന്റെയും അപൂർവ്വമായ ഒരു പാലം തീർത്തു
താൻ അറിയിക്കുന്നവർ എത്തിച്ചേരുന്നതും സദസ്സിൽ ഇടം ലഭിക്കുന്നതും ഉറപ്പു വരുത്തിയ ശേഷം അതീവ താത്പര്യത്തോടെ പരിപാടി ആസ്വദിച്ച് ആൾക്കൂട്ടത്തിലൊരാളായി ഒതുങ്ങിനില്ക്കുന്ന പോറ്റി സാറിന്റെ രൂപം ഓർമ്മകളിൽ നിന്ന് എളുപ്പം മാഞ്ഞു പോവില്ല.
കോട്ടയ്ക്കകത്തെ വീട്ടിൽ നിന്ന് സായാഹ്നങ്ങളിൽ വേദികളിലേക്കുള്ള പദയാത്ര മതിയാക്കി പോറ്റി സാർ യാത്രയാവുന്നു.
ഇത്തരം മനുഷ്യരിലൂടെയാണ് നല്ല കലയും സാംസ്കാരിക ചലനങ്ങളും സജീവമാകുന്നത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്.....