മിസ്റ്റർ ചീഫ് മിനിസ്റ്ററും കോൺഗ്രസ് അനൈക്യവും
ഡോ.എസ് ശിവപ്രസാദ്
4 March 2025, 2:39 pm
ചെയ്യേണ്ട സമയത്ത് വേണ്ടത് ചെയ്യാതെ നാടിനെ ബാധിക്കുന്ന ഗൗരവതരമായ പല വിഷയങ്ങളിലും പിന്നീട് മനുഷ്യ ചങ്ങലകളും മെഴുകുതിരി കൊളുത്തലുകളും നടത്തി പ്രതീകാത്മക പ്രതിരോധങ്ങൾ നടത്തുന്ന കാഴ്ചയ്ക്ക് കേരളം പലവട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏതാണ്ട് അതിനു സമാനമായ കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇരമ്പുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ. മുമ്പ് 2022 ൽ നാം പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനുകൾ നോ ടു ഡ്രഗ്സ്, മനുഷ്യ ചങ്ങല എന്നിവ പല കാരണങ്ങൾ കൊണ്ടും പ്രായോഗിക തലത്തിൽ വിജയിക്കാതെ പോയി. അതിന്റെയും കൂടി പരിണതഫലമാണ് ഇപ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ വ്യാപകമായി പിടിമുറുക്കിയിരിക്കുന്ന ലഹരിയും ലഹരി ഉപയോഗവും കുട്ടികൾ തമ്മിലുള്ള കൊല്ലും കൊലവിളിയും ഒക്കെ. വിമുക്തിക്കായി നീക്കിവെച്ച പത്തു കോടി രൂപ പോലും പര്യാപ്തമല്ല. കാര്യങ്ങളെ മുൻകൂട്ടി കണ്ട് ഗൗരവമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഈയൊരു ദുസ്ഥിതി ഇപ്പോൾ സംഭവിക്കില്ലായിരുന്നു
കാര്യഗൗരവം ഒക്കെയുണ്ട് എന്ന് കരുതുമ്പോഴും കുട്ടികളിലെയും യുവാക്കളിലെയും അക്രമവാസനെയും ലഹരി ഉപയോഗവും സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ അടിയന്തര പ്രമേയ ചർച്ച ഇന്നലെ ചക്കളത്തിപ്പോരിലാണ് കലാശിച്ചത് . കാരണഭൂതനെന്നും ക്യാപ്റ്റൻ എന്നും സൂര്യനെന്നും ഒക്കെ ഉള്ള ഓമനപ്പേരിൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ വിശേഷിപ്പിച്ചപ്പോൾ മറിച്ചൊന്നും പറയാതെ ഇരുന്ന പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന ആവർത്തിച്ചുള്ള പ്രയോഗം കേട്ട് കോപാകുലനായി. ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ചത് മുഖ്യമന്ത്രിക്ക് സ്വന്തം നിരയിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചപ്പോൾ പക്ഷേ ചെന്നിത്തലയ്ക്കാകട്ടെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന് വേണം കരുതാൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാത്രമാണ് പേരിനെങ്കിലും ചെന്നിത്തലയ്ക്ക് പിന്തുണ എന്ന മട്ടിൽ ചില കാര്യങ്ങൾ സംസാരിച്ചത് .എന്നാൽ അതും വേണ്ടത്ര എറിച്ചില്ല.
പരിചയസമ്പന്നനായ മുഖ്യമന്ത്രിയാകട്ടെ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും രണ്ട് തട്ടിൽ പ്രതിഷ്ഠിച്ചു നിർത്താനുള്ള ശ്രമത്തിൽ വിജയിച്ചതായി തന്നെ കാണണം. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സതീശൻ പക്വമായി സംസാരിച്ചു എന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആയിരുന്നു ചെന്നിത്തലയുടെ ശ്രമം എന്നുമുള്ള മുഖ്യമന്ത്രിയുടെ ഭംഗ്യന്തരേണയുള്ള വാക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. ആ പരിശ്രമത്തിൽ മുഖ്യമന്ത്രി വിജയിച്ചു താനും. പിന്നീട് സംസാരിച്ച കോൺഗ്രസ് അംഗങ്ങൾ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നുതന്നെ ആവർത്തിച്ചിരുന്നെങ്കിൽ ഒറ്റക്കെട്ടാണ് ഞങ്ങൾ എന്ന വാദം കോൺഗ്രസിന് ഉയർത്താമായിരുന്നു. ഒരു സുവർണ്ണാവസരമാണ് ഇന്നലെ അവർ പാഴാക്കിയത്. രണ്ടെണ്ണം കിട്ടുന്നെങ്കിൽ പിണറായി വിജയനിൽ നിന്ന് ചെന്നിത്തലയ്ക്ക് കിട്ടിക്കോട്ടെ എന്നും ഒരുപക്ഷേ സതീശൻ ചിന്തിച്ചു കാണും. അതാണല്ലോ കോൺഗ്രസിൻറെ പതിവ് പരിപാടി.
സംഗതി ഇതൊക്കെയാണെങ്കിലും ഭരണ പ്രതിപക്ഷ നേതൃനിരയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി ശ്രമിച്ചാൽ പടിയടച്ച് പുറത്ത് ഇരുത്താവുന്ന അതേ ഉള്ളൂ ലഹരി മാഫിയകളെ അതുണ്ടാകും എന്ന് കരുതാം