ബിജെപിക്കു ജയമൊരുക്കിയ മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍ ജനം പുച്ഛിച്ചു തള്ളും - രമേശ് ചെന്നിത്തല
News Bureau
5 March 2025, 3:41 pm
തിരുവനന്തപുരം: തൃശൂരില്‍ പൂരം കലക്കി ബിജെപിക്കു ജയമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ആട്ടിന്‍തോലിട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനെത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിഅംഗം രമേശ് ചെന്നിത്തല പറഞ്ഞു
കേരളത്തിന്റ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാര്‍ഥി കേരളത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു ജയിച്ചതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനു വേണ്ടി പരമ പവിത്രമായ തൃശൂര്‍ പൂരം പോലും കലക്കാന്‍ കാണിച്ച വ്യഗ്രത കണ്ടവരാണ് കേരള ജനത. എന്നിട്ടാണ് ബിജെപിക്കെതിരെ രാപ്പകല്‍ ഇന്ത്യമൊത്തം പ്രതിരോധം തീര്‍ക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഈ മുഖ്യമന്ത്രി തൊലിക്കട്ടി കാട്ടുന്നത്.
തനിക്കെതിരെയുള്ള കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ബിജെപിയുടെ കേന്ദ്രനേതൃത്വത്തിനു വിധേയനായി നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രമെടുത്താല്‍ ലാവ്‌ലീന്‍ കേസുപോലെ മാറ്റി വയ്ക്കപ്പെട്ട മറ്റൊരു കേസുണ്ടാവില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു മറിക്കാന്‍ കേന്ദ്ര സർക്കാർ ഫാസിസ്റ്റല്ല എന്ന പുതിയ കണ്ടെത്തല്‍ നടത്തി നയരേഖയുണ്ടാക്കിയവരാണ് സിപിഎം. സിപിഎം പോളിറ്റ് ബ്യുറോ എന്നാല്‍ പിണറായി വിജയനും അനുയായികളും എന്ന് എല്ലാവര്‍ക്കും അറിയാം. ഈ നയരേഖ അംഗീകരിച്ച് നരേന്ദ്രമോഡി സര്‍ക്കാരിനെ ഇവര്‍ ജനകീയ കോടതിയില്‍ കുറ്റവിമുക്തരാക്കാന്‍ ശ്രമിക്കും
ഈ ജനവഞ്ചന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളും കണ്ടു കൊണ്ടിരിക്കുകയാണ് എന്നു പിണറായി വിജയന്‍ മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
മതനിരപേക്ഷത എന്ത് എന്നത് കൃത്യമായി അറിയുന്നവരാണ് മുസ്ലിംലീഗ് എന്ന പാര്‍ട്ടി. ശക്തമായ ആശയാടിത്തറയും ജനാധിപത്യബോധവുമുള്ള ആ പ്രസ്ഥാനത്തെ അപ്പക്കഷണങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കാന്‍ കുറേക്കാലമായി പിണറായി വിജയന്‍ ശ്രമിക്കുന്നുണ്ട്. ലജ്ജയില്ലേ എന്നു മാത്രമേ ഇക്കാര്യത്തില്‍ ചോദിക്കാനുള്ളു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിമര്‍ശിക്കാനുള്ള ധൈര്യമില്ലായ്മയില്‍ നിന്നു പുറത്തു വരികയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത്. അല്ലാതെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി അജണ്ടയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയല്ല - രമേശ് ചെന്നിത്തല പറഞ്ഞു.