പ്രശാന്തിന്റെ പ്രശ്നങ്ങൾ...!
ബ്യൂറോ റിപ്പോർട്ട്
13 April 2025, 5:47 am
സേവനത്തോടൊപ്പം സമരത്തിന്റെ സമന്വയം കൂടിയാണ് സർക്കാർ സർവീസ് ജീവിതം.
സർവീസ് ചട്ടങ്ങൾ പ്രകാരം വ്യക്തി താൽപര്യങ്ങൾക്കുപരിയായി പൊതു താൽപര്യങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന വിവിധ ജാതി, മത, രാഷ്ട്രീയ ചിന്താഗതിക്കാരുടെ കൂട്ടായ്മയാണത്. പ്യൂൺ മുതൽ ഐ എ എസ് തലത്തിലെ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തനത്തിനിടയിൽ അസ്വാരസ്യങ്ങൾ സ്വാഭാവികം. അതുകൊണ്ടു തന്നെ പലപ്പോഴും വിട്ടുവീഴ്ച അനിവാര്യമാണ് താനും. വാർത്തകളായി മാറുന്ന അഭിപ്രായ വ്യത്യാസങ്ങളും പുത്തരിയല്ല. സേവന വേതന വ്യവസ്ഥകളുടെ മാറ്റങ്ങൾക്കായി സംഘം ചേർന്നുള്ള സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില ഒറ്റയാൾ പോരാട്ടങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു പോരാട്ടമാണ് കളക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്തിന്റെ പോരാട്ടം.
നീതിയും ന്യായവും താഴെ തട്ടു മുതൽ മേൽതട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഒരു പോലെയാകണം. ചാർജ് മെമ്മോ ലഭിച്ച ഏതെങ്കിലുമൊരു പ്യൂൺ തന്റെ ഹിയറിംഗ് ലൈവ് സ്ട്രീം കാണിക്കണമെന്ന് തന്റെ മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടാലത്തെ പുകിൽ ഓർത്തുനോക്കൂ. അയാൾക്ക് നിയമം അത് അനുവദിച്ച് നൽകുന്നില്ലെങ്കിൽ ഐഎഎസ് കാർക്ക് അതെങ്ങനെ സാധ്യമാകും. ഐ എ എസ് കാർക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചു പോകുന്നത് ഇവിടെയാണ്.
മലയാറ്റൂർ രാമകൃഷ്ണനിൽ നിന്ന് തുടങ്ങി മറ്റു പലരിലൂടെ മുൻ ഡിജിപി ജേക്കബ് തോമസ്, സെൻകുമാര്‍, പി വിജയൻ, രാജു നാരായണ സ്വാമി, തുടങ്ങി ഈ തലമുറയിലെ ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥർ വരെ എത്തിനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ എന്തെല്ലാം അനുഭവങ്ങൾ വാർത്തകളായി പൊതുസമൂഹത്തിന് മുന്നിൽ എത്തിയിരിക്കുന്നു. പ്രശാന്ത് എന്ന ഐഎഎസ് കാരനും സീനിയർ ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡന സമാനമായ വിഷയങ്ങളിലൂടെ കടന്നു വന്നിട്ടുണ്ടാകാം. പക്ഷേ വിചിത്ര വാദങ്ങൾ ഉന്നയിച്ച് പോരാടാൻ ഇത് സിനിമാലോകം ഒന്നുമല്ല. സർവീസ് ചട്ടങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാകണം പോരാട്ടം. സ്വകാര്യമായ കേസുകൾ കോടതികൾ പോലും ലൈവ് സ്ട്രീം ചെയ്യുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. ഒക്കെ അറിയാൻ പൊതുജനത്തിന് അവകാശം ഉണ്ട് താനും. ഈ പറയുന്നതൊക്കെ നിലവിലെ ചട്ടങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടാണെങ്കിൽ സർക്കാർ പ്രശാന്തിന് വഴങ്ങണം. മാത്രമല്ല ഭാവിയിൽ പ്യൂൺ മുതൽ നേരിടേണ്ടിവരുന്ന സർവ്വമാന ഹിയറിങ്ങും പ്രശാന്ത് ബ്രോ ആവശ്യപ്പെടുന്ന രീതിയിൽ നടപ്പാക്കാനുള്ള സന്മനസ്സും സർക്കാർ കാട്ടണം. വിചിത്രമായ ആവശ്യം എന്ന് തോന്നാമെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ചിട്ടവട്ടങ്ങൾ മറികടക്കുന്ന ഒന്നും ഐഎഎസ് തലത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകാനും പാടില്ല.
അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് തലപ്പത്തിരിക്കുന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥർ. അവർ തമ്മിൽ പല കാരണങ്ങൾ കൊണ്ടും പല പടല പിണക്കങ്ങളും ഉണ്ടാകാം . മേലുദ്യോഗസ്ഥർ അഴിമതിക്കാരാണെങ്കിൽ അത് തുറന്നു കാട്ടാനുള്ള നിയമപരമായ പോരാട്ടങ്ങൾ ആകാവുന്നതാണ്. പകരം ഉദ്യോഗസ്ഥ തലങ്ങളെ മൊത്തം വഴിമാറി ചിന്തിപ്പിക്കുന്ന തരത്തിലുള്ള ചില പുത്തൻ പ്രവണതകൾക്ക് തുടക്കം ഇടാം എന്നാണ് ധാരണയെങ്കിൽ അത് സർക്കാർ സർവീസിൽ വരുത്തിവെക്കാൻ പോകുന്ന പ്രവണതകൾ ചെറുതായിരിക്കില്ല.
മുതിർന്ന ഉദ്യോഗസ്ഥർ അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിൽ ആക്കുന്നത് പുതിയ കാര്യമല്ല. അതിൽ സമ്മർദ്ദം അനുഭവിക്കുന്നത് ഐ എസ് കാർ മാത്രവുമല്ല. പ്രവർത്തന സ്വാതന്ത്ര്യം എന്നത് ഐഎഎസ് കാർക്ക് മാത്രമല്ല പൂന്തോട്ടം പരിപാലിക്കുന്നവനും കൂടി അവകാശപ്പെട്ടതാണ്.
ഇത്തരം വിഷയങ്ങളിൽ മേൽ പൊതു താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എത്രയും വേഗം അത് പരിഹരിക്കുന്നതാണ് സാമൂഹ്യ നന്മയ്ക്ക് ഉചിതം. സർക്കാർ ഉദ്യോഗസ്ഥൻ അത് പ്യൂൺ ആയാലും ഐഎഎസ് ഉദ്യോഗസ്ഥൻ ആയാലും, സസ്പെൻഷൻ കാലയളവിൽ മറ്റ് മാധ്യമങ്ങളോട് തൻ്റെ ഭാഗം വിശദീകരിക്കുന്നത് ശരിയാണോ എന്നത് സർവീസ് ചട്ടങ്ങൾ പ്രകാരം ഔദ്യോഗികമായി പരിശോധിക്കപ്പെടേണ്ടതാണ്. പ്രശാന്തിന് അനുവദിച്ചു നൽകുന്ന പരിരക്ഷ സർക്കാരിലെ ഏറ്റവും താഴെത്തട്ടിലെ ഉദ്യോഗസ്ഥനും കൂടി അനുവദിക്കപ്പെടേണ്ടതാണ്.
സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന പ്രശാന്തിനു മാത്രമല്ല ഇന്നാട്ടിലെ സാധാരണക്കാർക്ക് പോലും കാലാകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ആശങ്കയും അത്ഭുതവും സംശയവും ഏറെ ഉണ്ട് . അത് അത് പരിഹരിക്കേണ്ടുന്ന ഉത്തരവാദിത്വം പ്രശാന്ത് സ്വയം ഏറ്റെടുക്കേണ്ടതില്ല. അതിന് അതിന് അദ്ദേഹത്തെ ആരും ഏൽപ്പിച്ചിട്ടുമില്ല. അതല്ല പൊതു താൽപര്യപ്രകാരമാണ് തന്റെ പോരാട്ടമെങ്കിൽ അതും കൂടി പ്രശാന്ത് തുറന്നുപറയണം. പിന്തുണയേറട്ടെ . പ്രശാന്തിൻ്റെ ആരോപണങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടേണ്ടതല്ല. അതിലുപരി ഒരു സംസ്ഥാനത്തിന്റെ ജനതയുടെയും മൊത്തം സർക്കാർ ജീവനക്കാരുടെയും ആശങ്കകളും ആവലാതികളും പ്രശാന്തിലൂടെ വെളിവാക്കപ്പെടുന്നു എന്ന് കരുതുകയും വേണം.
ഹിയറിങ്ങിൽ ഉണ്ടാകുന്ന അഭിപ്രായങ്ങൾ ലൈവ് സംപ്രേഷണം ചെയ്യുക വഴി മാലോകരെ മുഴുവൻ അറിയിക്കുന്നത് ഗുണകരമാണോ എന്ന് കൂടി ചിന്തിക്കേണ്ടതാണ്. അദ്ദേഹവും സർക്കാരിൻ്റെ ഭാഗമാണ്. ആ സർക്കാരിന് വരുന്ന നേട്ടങ്ങളും കോട്ടങ്ങളും അദ്ദേഹത്തിനും കൂടി അവകാശപ്പെട്ടതാണ്. നികുതി ദായകരായ പൊതുജനങ്ങളിൽ നിന്ന് ഇതേ ആവശ്യം നാളെ ഉണ്ടായാൽ ഉദ്യോഗസ്ഥരായ പ്രശാന്ത് കൂട്ടരും എന്തു നടപടി എടുക്കും എന്നും കൂടി ചിന്തിക്കേണ്ടതാണ്. അങ്ങനെ ആയാൽ അതിനു മാത്രമേ സർക്കാർ സംവിധാനങ്ങൾക്ക് സമയം ഉണ്ടാകൂ. നീതി നീതി നിഷേധം പ്രശാന്തിന് ന് മാത്രമല്ലല്ലോ ഉണ്ടാവുക, സാധാരണ പൗരന്മാർക്കും സർക്കാർ സർവീസ് ജീവനക്കാർക്കും കൂടി ബാധകമല്ലേ .
സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള ഒരു സംവിധാനത്തിന് സാധ്യതയും സാധുതയും ഉണ്ടോ എന്നും കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സുതാര്യതയെ മുൻനിർത്തി അങ്ങനെ ആയാൽ ഏറ്റവും നല്ലത്. പക്ഷേ അത് എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാക്കണം. പ്രശാന്തിന് മാത്രമായി പരിമിതപ്പെടുത്തരുത്.
ആത്മാർത്ഥതയും സാമൂഹ്യ സേവനവും കൈമുതലായുള്ള സർക്കാർ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന യാതൊന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നോ ഉണ്ടായിക്കൂടാ. പ്രശാന്തിന് അത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുക തന്നെ വേണം. അത് പുതിയ ഒരു മാതൃകയുടെ തുടക്കമാവട്ടെ