ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്:
കൂടുതൽ പേർക്ക് പങ്കെന്ന് റിപ്പോർട്ട്.
അമൃത എം
24 April 2025, 6:05 pm
സംസ്ഥാന ലോട്ടറി ക്ഷേമ ബോർഡിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് റിപ്പോർട്ട്.
ജില്ലാ ലോട്ടറി ഓഫീസർ വൈ മുഹമ്മദ് റിജാം കെ എ എസ്നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ക്ലർക്ക് സംഗീതിനു പുറമേ ആറ് ഉദ്യോഗസ്ഥർക്കു കൂടി തട്ടിപ്പിൽ നേരിട്ടോ അല്ലാതെയോ പങ്കുള്ളതായി കണ്ടെത്തിയത്.
ലോട്ടറി ക്ഷേമനിധി ഓഫീസിലെ ക്ലർക്ക് സംഗീത് ഏകദേശം എൺപത് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. ഏതാണ്ട് 5 വർഷം മുമ്പ് നടന്ന ഈ തട്ടിപ്പ് ഇത്രയും കാലം മറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതും വിചിത്രമായി തുടരുകയായിരുന്നു.
ക്ലർക്കിനു മുകളിൽ ജൂനിയർ സൂപ്രണ്ട്, സൂപ്രണ്ട്, ജില്ലാ ഓഫീസർ, ഡി ഡി, ജെഡി, ഡയറക്ടർ എന്നിങ്ങനെ നീളുന്ന മേലുദ്യോഗസ്ഥരുണ്ട്. ഇവരിലാരുമറിയാതെയാണ് സംഗീത് തട്ടിപ്പു തടത്തിയതെന്നായിരുന്നു ഇതേ വരെ മറ്റുദ്യോഗസ്ഥരും സംഘടനാ നേതാക്കളും പറഞ്ഞിരുന്നത്.
നിലവിലെ ജോയിന്റ് ഡയറക്ടർ രാജ് കപൂറായിരുന്നു സംഗീതിനു മുകളിൽ അന്ന് ചെക്കുകൾ പാസ്സാക്കാൻ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ. ഇയാൾക്ക് തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പ് 80 ലക്ഷം രൂപയല്ല നാലുകോടിയോളം വരുമെന്നും ജില്ലാ ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
റിപ്പോർട്ട് രണ്ടു ദിവസം മുമ്പ് ഡയറക്ടർ എബ്രഹാം റെന്നിന് കൈമാറി. എന്നാൽ ഡയറക്ടറും ധനമന്ത്രിയും ഇക്കാര്യത്തിൽ കുറ്റകരമായ മൗനം തുടരുകയാണെന്ന് ആക്ഷേപമുണ്ട്..
ക്ലർക്ക് സംഗീതിനെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയതിനപ്പുറം മറ്റൊന്നും ചെയ്യാനില്ലെന്ന് ഭാവിക്കുകയാണ് ഡയറക്ടർ.
തനിക്ക് താത്പര്യമുള്ള ചില ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി ബോധ്യപ്പെട്ടതി
നെത്തുടർന്നാണ് ഡയറക്ടർ മെല്ലെപ്പോക്ക് തുടരുന്നതെതെന്ന ആക്ഷേപം വകുപ്പിനുള്ളിൽ തന്നെ പ്രബലമാവുകയാണിപ്പോൾ.