ⓘ WEBSITE UNDER DEVELOPMENT

NewsAd1
രഞ്ജിട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം : മുഖ്യമന്ത്രി
News Bureau
4 March 2025, 4:30 pm
main image of news

ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നൽകുന്നതിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദർഭക്കെതിരായി ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക ഇനങ്ങളോട് എന്നും മമത കാട്ടിയ സംസ്ഥാനമാണ് കേരളം. ഒളിമ്പിക്‌സിലടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ നിരവധി കായിക താരങ്ങൾ നമുക്കുണ്ട്. ഫുട്‌ബോളിൽ ദേശീയ നിലവാരത്തിൽ ശ്രദ്ധേയമായ നിരവധി താരങ്ങളുണ്ടായി. അതേ സമയം എന്നും ക്രിക്കറ്റിനോട് ആത്മ ബന്ധം പുലർത്തിയ നാടാണ് നമ്മുടേത്. തലശ്ശേരിയാണ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ ആദ്യത്തെ നാട്, മുഖ്യമന്ത്രി പറഞ്ഞു.

പരിചയ സമ്പന്നതയും  യുവത്വവും ഒന്നു ചേർന്ന വിന്നിംഗ് കോമ്പോയായ കേരള ക്രിക്കറ്റ് ടീമിനെ കോച്ച് അമയ് ഖുറേസിയയും ക്യാപ്റ്റൻ സച്ചിൻ ബേബിയും കൂടുതൽ കരുത്തുറ്റതാക്കി. തോൽവിയറിയാതെ സെമിയിൽ എത്തിയത് മികച്ച ടീം വർക്കിലൂടെയാണ്. ക്വാർട്ടറിൽ കരുത്തരായ ജമ്മു കശ്മീരിനെയും സെമിയിൽ ഗുജറാത്തിനെയും മറി കടന്നാണ് കേരളം ഫൈനലിൽ എത്തിയത്.
കേരള ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചടുത്തോളം ഈ രഞ്ജിട്രോഫി ആകാംക്ഷയുടെയും പ്രതീക്ഷയുടേതുമായിരുന്നു. മുഹമ്മദ് അസറുദീൻ ,സൽമാൻ നിസാർ എന്നിവർ ടൂർണമെന്റിൽ 600 ലധികം റൺ നേടി ജലജ് സക്‌സേനയും ആദിത്യ സർവാ തെയും 75 ഓളം വിക്കറ്റുകൾ വീതം നേടി. ഇവർ മറുനാടൻ കളിക്കാരല്ല മറിച്ച് കേരള സമൂഹത്തിന്റെ തന്നെ ഭാഗങ്ങളാണ്.
HomeAd1
 image 3 of news

എം ഡി നിതീഷിന്റെ ബൗളിംഗ് മികവുമടക്കം മികച്ച പ്രകടനം നടത്തിയ മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരള ക്രിക്കറ്റിന്റെ വളർച്ചക്ക് പിന്നിൽ കെ സി എ സമാനതയില്ലാത്ത ഇടപെടൽ നടത്തുന്നു. ഗ്രീൻഫീൽഡും തുമ്പയുമടക്കം അത്യാധുനിക സൗകര്യങ്ങളുള്ള പന്ത്രണ്ടോളം സ്റ്റേഡിയങ്ങൾ കെ സി എ യുടെ നിയന്ത്രണത്തിൽ ഇന്ന് സംസ്ഥാനത്തുണ്ട്. സർക്കാറിന്റെ പിൻതുണ കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.
പ്രത്യേക കായികനയം രൂപീകരിച്ച് നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരുമായി കൂടുതൽ സഹകരിച്ച് കെ സി എ ക്രിക്കറ്റ് മേഖലയിൽ മുന്നേറ്റത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യമുള്ള മനസ്സും ശരീരവും സൃഷ്ടിച്ച് പുതിയ തലമുറയെ ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരത്താൻ കഴിയുന്ന കായിക പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രഞ്ജിട്രോഫി റണ്ണേഴ്‌സ് അപ്പ് ട്രോഫി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കായികമന്ത്രി അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, ജി.ആർ അനിൽ, കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ, കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ്, കോച്ച് അമയ് ഖുറേസിയ, കേരള ക്രിക്കറ്റ് ടീം താരങ്ങൾ,കെ സി എ ഭാരവാഹികൾ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Keywords:

home ad2 16*9

Recent in Sports

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞